ന്യൂജേഴ്സി: ഫൊക്കാനയില്‍ അംഗ സംഘടനകളുടെ എണ്ണം 51 ആയി വര്‍ധിച്ചുവെന്ന് ഫൊക്കാന നേതാക്കന്മാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലീല മാരേട്ടുമായുള്ള അഭിപ്രായ ഭിന്നതകള്‍ മാറിയതോടെ അംഗത്വം പുതുക്കാനായി ന്‍ ലീലയ്ക്കു ചെക്കുകള്‍ നല്‍കിയ സംഘടനകള്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് അംഗ സംഘടനകളുടെ എണ്ണം 51 ആയി വര്‍ധിച്ചതെന്ന് പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് പറഞ്ഞു. താന്‍ ചുമതലയേല്‍ക്കുമ്പോള്‍ ഫൊക്കാനയില്‍ 38 അംഗ സംഘടനകളാണ് ഉണ്ടായിരുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലായിരുന്നു ഇത്. എന്നാല്‍ ലീലയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിച്ചതോടെ ലീലയ്ക്ക് പിന്തുണ നല്‍കിയിരുന്ന 13 സംഘടനകള്‍ കൂടി അംഗത്വം പുതുക്കി. ഇതോടെയാണ് അംഗ സംഘടനകളുടെ എണ്ണം 51 ആയി ഉയര്‍ന്നതെന്ന് ഫൊക്കാന നേതാക്കള്‍ വ്യക്തമാക്കി.
ഫൊക്കാനയില്‍ 2006 ല്‍ ഉണ്ടായ വിഭജനത്തിനു ശേഷം ആദ്യമായിട്ടാണ് ഇത്രയും അംഗസംഘടനകള്‍ക്ക് അഗത്വം നല്‍കിയത്.ഏതാണ്ട് 25 ലധികം സംഘടനകള്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഫൊക്കാനയുടെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം സംഘടനകള്‍ക്ക് അംഗത്വം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് അംഗസംഘടനകളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. ഫൊക്കാനയുടെ പേരു പറഞ്ഞു ഏതാനും ആളുകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ ഫിലിപ്പോസ് ഫിലിപ്പ് അവര്‍ക്കൊപ്പം 41 സംഘടനകള്‍ പറയുന്നതില്‍ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുതായി ചേര്‍ത്തുവെന്ന് പറയുന്ന 16 സംഘടനകളില്‍ പലതും വെറും കടലാസ് സംഘടനകളാണെന്നും അവയില്‍ ചില സംഘടനകള്‍ ചില വ്യക്തികളുടെ കുടുംബാംഗങ്ങള്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ സംഘടനകള്‍ വരെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവര്‍ നടത്തുന്ന പല പത്ര പ്രസ്താവനകളും സത്യവിരുദ്ധമാണ്. ഒക്ടോബര്‍31 നു മീറ്റിംഗ് നടത്തിയെന്നു പറഞ്ഞുള്ള വാര്‍ത്തകള്‍ കണ്ടു. ഇത് തികച്ചും നിയമ വിരുദ്ധമാണ്. പ്രസിഡണ്ട് റദ്ധാക്കിയ മീറ്റിംഗ് നടത്താന്‍ സെക്രട്ടറിക്ക് യാതൊരു അവകാശവുമില്ല. ട്രസ്റ്റി ബോര്‍ഡ് പിരിച്ചു വിട്ടു പുതിയ ചെയര്‍മാനെ വരെ തെരെഞ്ഞെടുത്തുവെന്നും വാര്‍ത്തകണ്ടു. ട്രസ്റ്റി ബോര്‍ഡിനെ പിരിച്ചു വിടാന്‍ ആര്‍ക്കും അധികാരമില്ല. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം സത്യ വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കുന്നവരുടെ പത്ര പ്രസ്താവനകളുടെ യാഥാര്‍ഥ്യം മനസിലാക്കാന്‍ മധ്യപ്രവര്‍ത്തകരും സുമനസു കാട്ടണമെന്നും ഫിലിപ്പോസ് അഭ്യര്‍ത്ഥിച്ചു. എബ്രഹാം ഈപ്പനും പോള്‍ കറുകപ്പള്ളിയിയുമാണ് ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. ഏതാണ്ട് 16 തവണ ചര്‍ച്ചകള്‍ നടത്തിയിട്ടു തന്നെയാണ് വ്യക്തമായ ധാരണയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി മൂലം ഫൊക്കാനയ്ക്ക് നഷ്ടമായത് ചരിത്ര സംഭവമായി മാറേണ്ടിയിരുന്ന ഒരു കണ്‍വെന്‍ഷന്‍ ആയിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് മാധവന്‍ ബി. നായര്‍ പറഞ്ഞു. കോവിഡ് മഹാമാരി സൃഷ്ട്ടിച്ച ചില പരിമിതികള്‍ ആയിരുന്നു എല്ലാ പ്രതിസന്ധികളുടെയും പ്രശ്‌നങ്ങളുടെയും മൂല കാരണമെന്നും അദ്ദേഹം വ്യക്തമാക്കി ഫൊക്കാന ഒന്നാണെന്നും ഫൊക്കാനയുടെ കെട്ടുറപ്പിനാണ് താന്‍ എക്കാലവും നിലനിന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു തവണ എടുത്തു പറയാവുന്ന ശക്തമായ നിലപാടുകള്‍ താന്‍ എടുത്തിട്ടുണ്ട്. ഒന്ന് : 2016 ല്‍ ഫൊക്കാനയെ പിളര്‍പ്പില്‍ നിന്ന് ഒഴിവാക്കാന്‍ തമ്പി ചാക്കോയ്ക്ക് വേണ്ടി പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് താന്‍ മാറിക്കൊടുത്തു. രണ്ടാമത്തേത് കോവിഡ് പ്രതിസന്ധി മൂലം ഉടലെടുത്ത പ്രതിസന്ധി ഘട്ടത്തില്‍ ഫൊക്കാനയുടെ കെട്ടുറപ്പിനുവേണ്ടി താന്‍ ഒരു ഒത്തു തീര്‍പ്പ് വ്യവസ്ഥയ്ക്ക് തയാറായി. ഇക്കാലയളവില്‍ താന്‍ നില നിന്നിരുന്ന വിഭാഗത്തിലെ ചിലരുടെ നിലപാടുകളുമായി ഒരു തരത്തിലും പൊരുത്തപ്പെട്ടുപോകാന്‍ കഴിയാത്തതിനാലാണ് താന്‍ ഫൊക്കാനയുടെ കെട്ടുറപ്പിനു വേണ്ടി ഒത്തുതീര്‍പ്പ് വ്യവസ്ഥകളുമായി മുന്നോട്ടുപോകാനുള്ള നിലപാട് സ്വീകരിച്ചത്. അവര്‍ക്കൊപ്പം 41 സംഘടനകള്‍ ഉണ്ടെന്നുള്ള അവകാശവാദം നാലില്‍ ഒന്ന് എന്നായിരിക്കാം ഉദ്ദേശിച്ചതെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.
ഫൊക്കാനയുടെ മുന്നോട്ടുള്ള യാത്രയില്‍ വീണ്ടും ഒരുപാടു തടസങ്ങള്‍ നേരിട്ടേക്കാം. എന്നാല്‍ നാം ഒഴുക്കിനൊപ്പം നീന്തുക എന്ന നിലപാട് സ്വീകരിക്കുക മാത്രമാണ് ഇത്തരുണത്തില്‍ ചെയ്യേണ്ടതെന്നും മാധവന്‍ ബി. നായര്‍ ഓര്‍മ്മിപ്പിച്ചു. എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ട് ഏവര്‍ക്കും സ്വീകാര്യമായ വ്യവസ്ഥകള്‍ ആണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ചവര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ നിലപാടുകള്‍ എല്ലാം മാറ്റിക്കൊണ്ട് ഈ നിമിഷം മുതല്‍ ജോര്‍ജി വര്‍ഗീസ് നേതൃത്വം നല്‍കുന്ന ഫൊക്കാനയുടെ ഭരണ സമിതിയുമായി യോജിച്ചു കൊണ്ട് ഫൊക്കാനയുടെ മുന്നോട്ടുള്ള സുഗമമായ പ്രവത്തനങ്ങള്‍ക്കായിരിക്കും താന്‍ പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. എല്ലാ ആരോപണ- പ്രത്യാരോപണങ്ങള്‍ എല്ലാം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാധവന്‍ നായരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വളരെ മഹത്തായ കാര്യങ്ങള്‍ ആണ് നടന്നിട്ടുള്ളതെന്ന് ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ് പറഞ്ഞു. ഫൊക്കാനയുടെ പേരും പെരുമയും ലോകം മുഴുവനുമെത്തിക്കാന്‍ ഇക്കഴിഞ്ഞ കേരള കണ്‍വെന്‍ഷനിലൂടെ മാധവന്‍ നായര്‍ക്ക് കഴിഞ്ഞുവെന്ന് ഡോ. മാമ്മന്‍ സി. ചൂണ്ടിക്കാട്ടി. കേരള ഗവര്‍ണറും മുഖ്യമന്ത്രിയുമൊക്കെ ഉള്‍പ്പെടുന്ന ഒരുപാട് നേതാക്കന്മാരുടെ പങ്കാളിത്തത്തോടെ ജനുവരിയില്‍ നടന്ന കേരള കണ്‍വെന്‍ഷന്‍ ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മേളനമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്ളിയിലും പള്ളിക്കൂടത്തിലും എപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ചിലര്‍ സമൂഹത്തിലുണ്ട്. അത്തരക്കാരെ തിരിച്ചറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഫൊക്കാനയ്ക്ക് ഒരു ഭരണഘടന മാത്രമേയുള്ളുവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ജോര്‍ജി വര്‍ഗീസ് പറഞ്ഞു. ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക അഥവാ ഫൊക്കാന എന്നപേരിലാണ് ഈ സംഘടന രെജിസ്റ്റര്‍ ചെയ്തതെന്നും ഓരോ സമയത്തും പ്രസിഡണ്ട് ആകുന്നവര്‍ ടാക്സ് ആനുകൂല്യങ്ങള്‍ക്ക് വേണ്ടി അവരവരുടെ സ്റ്റേറ്റുകളിലും കോര്‍പ്പറേഷന്‍ ആയി രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. 1985 ല്‍ക്യുന്‍സില്‍ കോര്‍പറേഷന്‍ ആയി രെജിസ്റ്റര്‍ ചെയ്ത സംഘടന പിന്നീട് വന്ന ഭരണ സമിതികള്‍ അവിടെ ടാക്സ് ഫയല്‍ ചെയ്യാതിരുന്നതിനാല്‍ ആക്റ്റീവ് അല്ലാതെ ആയി മാറി.
2006 ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് 2008 ല്‍പാര്ഥസാരഥിപിള്ളയാണ് മെരിലാന്‍ഡില്‍ വീണ്ടും കചഇ ആയി രെജിസ്റ്റര്‍ ചെയ്തത്, അന്നും ഇന്നും ഫൊക്കാനയ്ക്ക് ഒരേ പേര് തന്നെയാണ്. പല സ്റ്റേറ്റുകളിലും ടാക്സ് അനുകൂല്യങ്ങള്‍ക്കായി രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും മെരിലാന്റിലെ രേങിസ്ട്രറേന്‍ ആണ് ഔദ്യോഗികമായി കണക്കാക്കുന്നത്. ഭരണഘടനയില്‍ കാലാകാലങ്ങളില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഒരേ ഭരണഘടന തന്നെയാണ് ഫൊക്കാനയില്‍ നിലനില്‍ക്കുന്നതെന്നും ഫിലിപ്പോസ് വ്യക്തമാക്കി.
ഫൊക്കാനയുടെ അംഗ സംഘടനകളുടെ പ്രസിഡണ്ടുമാര്‍ സംയുക്തമായി ഒരു പ്രസ്താവന ഇറക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ഡോ. മാമ്മന്‍ സി, ജേക്കബ് പറഞ്ഞു. ഒക്ടോബര്‍ 21 നു നടക്കുന്ന അധികാര കൈമാറ്റത്തിനു ശേഷം ലീല മാരേട്ടിനു അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടുചേര്‍ത്തു. തനിക്കൊപ്പം നിന്നവര്‍ കേസ് കൊടുത്തതിനാലാണ് കൂടെ വരാതിരുന്നതെന്ന് ലീല മാരേട്ട് പറഞ്ഞു. കേസ് ജയിച്ചാലും റീ ഇലെക്ഷന്‍ നടത്തണം. തങ്ങള്‍ക്കൊപ്പം സംഘടനകള്‍ ഇല്ലാത്തതിനാല്‍ താന്‍ വിജയിക്കില്ല എന്ന് ഉറപ്പാണ്. അതിലും ഭേദം അനുരഞ്ജനത്തിലൂടെ ഒരുമിച്ചു പോകുകയാണെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ലീല വ്യകതമാക്കി.
ഫൊക്കാനയുടെ പേരില്‍ മറ്റു സംസ്ഥാനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള എല്ലാസമാന്തര സംഘടനകളും ഡിസംബര്‍ 31 നകം പിരിച്ചു വിടാന്‍ നടപടി സ്വീകരിക്കുമെന്ന് ഫൊക്കാന മുന്‍ പ്രസിഡണ്ട് പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു. മെരിലാന്‍ഡില്‍ രെജിസ്റ്റര്‍ ചെയ്ത ഇന്‍ കോര്‍പറേഷനിലാണ് ടാക്സ് ഫയല്‍ ചെയ്തു വരുന്നത്. ഹ്യൂസ്റ്റണില്‍ ഉള്ള ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം നേതൃത്വം നല്‍കിയതുകൊണ്ടാണ് ഒത്തുതീര്‍പ്പ് ചര്ച്ച വിജയകരമായതെന്നും അദ്ദേഹം പറഞ്ഞു.
ഫൊക്കാനയുടെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടാണ് ഭാവിയിലേക്കുള്ള ഭരണ സമിതിക്ക് നേതൃത്വം നല്‍കുന്നവരെ മുന്‍കൂട്ടി തീരുമാനിക്കുന്നതെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി കറുകപ്പള്ളില്‍ പറഞ്ഞു. ഫൊക്കാനയുടെ 2026 വരെയുള്ള പ്രസിഡണ്ട്മാരെ ഇപ്പോഴേ തീരുമാനിച്ചുകഴിഞ്ഞതിനെക്കുറിച്ചു ആരാഞ്ഞപ്പോഴാണ് അദ്ദേഹം മറുപടി നല്‍കിയത്. ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും നടക്കണമെങ്കില്‍ അതിനു നേതൃത്വം നല്‍കാന്‍ പ്രാപ്തരായവരെ മുന്‍കൂട്ടി കണ്ടെത്തണം. എങ്കില്‍ മാത്രമേ സംഘടന വളരു.- അദ്ദേഹം വ്യക്തമാക്കി.
മാധവന്‍ നായര്‍ കമ്മിറ്റിയുടെ അധികാരകൈമാറ്റവും ജോര്‍ജി വര്‍ഗീസ് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും നവംബര്‍ 21 നു ശനിയാഴ്ച്ച നടത്തുമെന്ന് നേതാക്കന്മാര്‍ വ്യക്തമാക്കി. ന്യൂജേഴ്സിയിലെ പിസ്ക്കാറ്റവെയിലുള്ള ദിവാന്‍ റെസ്റ്റാന്റില്‍ വച്ചായിരിക്കും പരിപാടികള്‍ നടക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടത്തുന്ന അധികാര കൈമാറ്റ ചടങ്ങ് ഹൈബ്രിഡ് ആയിട്ടാണ് നടത്തുന്നത്. ഏതാനും പേര്‍ മാത്രം നേരിട്ടും ബാക്കിയുള്ളവര്‍ക്കായി വെര്‍ച്വല്‍ ആയിട്ടുമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുക. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.ഫൊക്കാനയുടെ ബാഹൃത്തായ ഭാവി പരിപാടികള്‍ 21 നു നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കുമെന്ന് സെക്രെട്ടറി സജിമോന്‍ ആന്റണി അറിയിച്ചു.
മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ച സൂം മീറ്റിംഗില്‍ പോള്‍ കറുകപ്പള്ളില്‍ സ്വാഗതവും ഫിലിപ്പോസ് ഫിലിപ് നന്ദിയും പറഞ്ഞു. ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്, ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി എം. പോത്തന്‍, ട്രസ്റ്റി ബോര്‍ഡ് വൈസ് പ്രസിഡണ്ട് ബെന്‍ പോള്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എബ്രഹാം ഈപ്പന്‍, ടെക്സാസ് ആര്‍.വി.പി. ഡോ. രഞ്ജിത്ത് പിള്ള, ഫൊക്കാന മുന്‍ പ്രസിഡണ്ട് ജി. കെ. പിള്ള, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ചാക്കോ, അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, ജോജി തോമസ്, വര്‍ഗീസ് പോത്താനിക്കാട്, ആന്‍ഡ്രൂസ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകരായ ജോര്‍ജ് ജോസഫ്, ഡോ. ജോര്‍ജ് കാക്കനാട്, ഫ്രാന്‍സിസ് തടത്തില്‍, ജോസ് കാടാപുറം,സുനില്‍ തൈമറ്റം, സജി എബ്രഹാം, ബിനു ചിലമ്പത്ത് തുടങ്ങിയവര്‍ ചോദ്യങ്ങള്‍ ചോദിച്ചു.
ഫ്രാന്‍സിസ് തടത്തില്‍