ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കോവിഡ് വ്യാപനത്തിന്റെ നിരക്ക് അസാധാരണമാംവിധം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക കോവിഡ് പരിശോധന നടത്തുന്നതിനായി നാഷനല്‍ ഗാര്‍ഡിനെ വിന്യസിക്കാന്‍ തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കുമോ വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഹോളിഡേ സീസണ്‍ അടുത്തുവരുന്നതോടെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ വര്‍ധിക്കുമെന്നും ഹോട്‌സ്‌പോട്ടുകളില്‍ നിന്നും എത്തുന്നവരുടെ കൈവശം കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഇല്ലെങ്കില്‍ അവരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ പറഞ്ഞു. നെഗറ്റീവ് പരിശോധനാ ഫലവുമായി എത്തുന്നവര്‍ വീണ്ടും നാലു ദിവസത്തിനുള്ളില്‍ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. അങ്ങനെയാണെങ്കില്‍ 14 ദിവസത്തെ നിര്‍ബന്ധ ക്വാറന്റിന്‍ ഒഴിവാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ച മാത്രം 3209 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. മാസങ്ങള്‍ക്കു ശേഷം ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം 700 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗം ഇത്രയും വര്‍ധിക്കുന്നതിന് വിവാഹ, ബര്‍ത്‌ഡേ പാര്‍ട്ടികളും യൂണിവേഴ്‌സിറ്റികളും സ്കൂളുകളും തുറന്നു പ്രവര്‍ത്തിക്കുന്നത് മൂലമാണെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *