ന്യൂയോര്‍ക്ക്: കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ വികാരിയായി സേവനം ചെയ്തുവരുന്ന റവ.ഫാ. ജോസ് കണ്ടത്തിക്കുടി വികാരി പദവിയില്‍ നിന്നും ഔദ്യോഗികമായി വിരമിക്കുന്നു. സീറോ മലബാര്‍ സഭയുടെ നിയമപ്രകാരം 75 വയസ് പൂര്‍ത്തിയാകുന്ന വൈദീകര്‍ ഇടവക ഭരണത്തില്‍ നിന്നും ഒഴിയേണ്ടതാണ്. അതനുസരിച്ച് ഇക്കഴിഞ്ഞ മെയ് മാസം 30-നു ജോസ് അച്ചന്‍ വിരമിക്കേണ്ടിയിരുന്നു. ജോസച്ചന് നല്‍കാന്‍ നിശ്ചയിച്ചിരുന്ന പ്രൗഢഗംഭീരമായ യാത്രയയപ്പ് കോവിഡ് 19 നിയന്ത്രണങ്ങള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു.

ജൂലൈ അവസാനവാരം ബ്രോങ്ക്‌സ് ഇടവകയില്‍ നിന്നും വിരമിക്കുന്ന ജോസച്ചന്‍, ഓഗസ്റ്റ് മൂന്നാം തീയതി തിങ്കളാഴ്ച വെര്‍ജീനിയ സംസ്ഥാനത്തെ ക്രോസ്റ്റിലുള്ള ‘ഔവര്‍ ലേഡി ഓഫ് ഏയ്ഞ്ചല്‍ മോണസ്ട്രി’യിലേക്ക് വിശ്രമ ജീവിതത്തിനായി പോകും. അവിടെ അവരുടെ ആത്മീയ പിതാവായി സേവനം ചെയ്യും.

അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി, സീറോ മലബാര്‍ ബിഷപ്പ് സിനഡാണ് 1995-ല്‍ ഫാ. ജോസ് കണ്ടത്തിക്കുടിയെ അമേരിക്കയിലേക്ക് അയയ്ക്കുന്നത്. തുടക്കത്തില്‍ ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ജോസച്ചന്‍, 1999-ല്‍ ന്യൂയോര്‍ക്കിലേക്ക് അയയ്ക്കപ്പെട്ടു. തുടര്‍ന്ന് ന്യൂജേഴ്‌സി, റോക്ക്‌ലാന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ സീറോ മലബാര്‍ മിഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. 2002-ല്‍ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക സ്ഥാപിക്കുകയും, പ്രഥമ വികാരിയായി നിയമിതനാകുകയും ചെയ്തു. കഴിഞ്ഞ 18 വര്‍ഷത്തിലേറെക്കാലം ബ്രോങ്ക്‌സ് ഇടവകയെ ആത്മീയമായി നയിച്ച ജോസച്ചന്‍, ഇക്കാലയളവില്‍ ലോംഗ് ഐലന്റ്, കണക്ടിക്കട്ടിലെ ന്യൂവാര്‍ക്ക്, ന്യൂയോര്‍ക്കിലെ ബുക്കാനന്‍ തുടങ്ങിയ സ്ഥലങ്ങളിലും സീറോ മലബാര്‍ ഇടവകകളും, മിഷനുകളും സ്ഥാപിച്ച് പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

1971 മാര്‍ച്ച് 27-നു വത്തിക്കാനില്‍ വച്ച് കര്‍ദ്ദിനാള്‍ ആഗ്നെലോ റോസില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച ഫാ. ജോസ്, 1973-ല്‍ തലശേരി രൂപതയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ചു. തുടര്‍ന്ന് തൂങ്കുഴി പിതാവിന്റെ സെക്രട്ടറി, മാനന്തവാടി രൂപതയുടെ ചാന്‍സിലര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ്, സീറോ മലബാര്‍ സിനഡ് തീരുമാനപ്രകാരം അമേരിക്കയിലെ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി 1995-ല്‍ ചിക്കാഗോയിലേക്ക് വരുന്നത്.

കഴിഞ്ഞ 25 വര്‍ഷക്കാലം ചിക്കാഗോ രൂപതയുടെ വളര്‍ച്ചയ്ക്കായി സ്വജീവിതം സമര്‍പ്പിച്ച ഫാ. ജോസ് കണ്ടത്തിക്കുടി, വികാരി പദവിയില്‍ നിന്നും വിരമിക്കുകയാണ്. ‘കോവിഡ് 19’ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനായി വിവിധ സംഘടനകളുടേയും വാര്‍ഡുകളുടേയും നേതൃത്വത്തില്‍ യാത്രയയപ്പുകള്‍ നല്‍കിവരുന്നു. ഓഗസ്റ്റ് മൂന്നാം തീയതിയാണ് ജോസച്ചന്‍ വെര്‍ജീനിയയിലേക്ക് പോകുന്നത്. ഫാ. ജോസ് കണ്ടത്തിക്കുടി (201 681 6021).

By admin

Leave a Reply

Your email address will not be published. Required fields are marked *