വാഷിംഗ്‌ടൺ ഡിസി :കോവിഡ് അമേരിക്കയിലെ ഇന്ത്യൻ വംശജരെ സാരമായി ബാധിച്ചതായി സര്‍വേ റിപ്പോര്‍ട്ട്.ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കിടയിലെ കൊറോണ വൈറസ് ആഘാതത്തെക്കുറിച്ചുള്ള ഇത്തരത്തിലെ ആദ്യ സര്‍വേയാണിത്.

ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍ ഡയസ്പോറ സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് കോവിഡ് സാമ്പത്തികമായും ആരോഗ്യപരമായും അമേരിക്കയിലെ ഇന്ത്യക്കാരെ വലിയ വിഷമത്തിലാക്കിയതായി കണ്ടെത്തിയത്. ദീര്‍ഘകാല പദ്ധതികളെയും സ്ഥിരതയെയും കോവിഡ് ബാധിച്ചതായി അഞ്ചില്‍ രണ്ട് ഇന്ത്യക്കാരും അറിയിച്ചു.ഇന്ത്യന്‍ വംശജരില്‍ 30 ശതമാനം പേര്‍ക്കും ശമ്പളത്തില്‍ കുറവുണ്ടായി. സര്‍വേയില്‍ പങ്കെടുത്ത ആറു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കുകയോ കുടുബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിക്കുകയോ ചെയ്തിട്ടുണ്ട്.

അതേസമയം, വളരെ കുറച്ച് ഇന്ത്യക്കാര്‍ക്ക് മാത്രമാണ് താമസ, കുടിയേറ്റ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ളത്. കുടുംബബന്ധങ്ങളില്‍ ഗുണകരമായ മാറ്റങ്ങളുണ്ടായി. മാനസിക പിരിമുറുക്കവും നിരാശയും വര്‍ധിച്ചതായി സര്‍വേയില്‍ പങ്കെടുത്ത നാലിലൊന്നു പേര്‍ സമ്മതിച്ചു. കോവിഡ് കാലത്ത് ഭൂരിഭാഗം ഇന്ത്യന്‍ വംശജരും ജീവിതശൈലി മാറ്റിയതായും സര്‍വേയില്‍ ദൃശ്യമാണെന്ന് എഫ്‌ഐഐഡിഎസ് ഡയറക്ടര്‍ ഖണ്ടേറാവു കാന്ദ് വ്യക്തമാക്കി.

മാസ്‌ക്, ഭക്ഷണം, വൈദ്യസഹായം, താമസ ക്രമീകരണം എന്നിവ ഉപയോഗിച്ച് മുഖ്യധാരാ ജനതയെ സഹായിക്കാന്‍ ഇന്ത്യന്‍-അമേരിക്കക്കാരുടെ വിവിധ സംഘടനകളും വ്യക്തികളും സന്നദ്ധരായതായി എഫ്‌ഐഐഡിഎസ് ഡയറക്ടര്‍ പറഞ്ഞു. ജോണ്‍സ് ഹോപ്കിന്‍സ് കൊറോണ വൈറസ് റിസോഴ്സ് സെന്ററിന്റെ കണക്കനുസരിച്ച് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് യുഎസ്. 25 ദശലക്ഷത്തിലധികം കേസുകളും 1,25,000 മരണങ്ങളുമുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *