ഡാലസ് : ഡാലസ് കൗണ്ടിയില്‍ കോവിഡ്–19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഒരാഴ്ച തുടര്‍ച്ചയായി വര്‍ധനവ്. ജൂണ്‍ 30ന് മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 601 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി കൗണ്ടി ജില്ലാ ജഡ്ജി ക്ലെ ജങ്കിംഗ്‌സ് അറിയിച്ചു.

അടുത്തിടെയൊന്നും സംഭവിക്കാത്ത രീതിയില്‍ ഒരൊറ്റ ദിവസം (ജൂണ്‍ 30ന്) 20 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴു ദിവസമായി ശരാശരി 513 കോവിഡ് രോഗികളെ കണ്ടെത്തിയപ്പോള്‍ ജൂണ്‍ 1 മുതലുള്ള ഏഴു ദിവസം ശരാശരി 209 രോഗികളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 30 ന് മുന്‍പ് ഒരു ദിവസം ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 572 ആയിരുന്നു.

ടെക്‌സസില്‍ പൊതുവെ രോഗികളുടെ എണ്ണം ദിവസവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഫെയ്‌സ് മാസ്ക്ക് നിര്‍ബന്ധമാക്കികൊണ്ടു സംസ്ഥാന ഗവണ്‍മെന്റ് ഉത്തരവിറക്കണമെന്ന് കൗണ്ടി ജഡ്ജി ആവശ്യപ്പെട്ടു. ഡാലസ് കൗണ്ടിയില്‍ ഒരൊറ്റ ദിവസം മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 619 ആണ്. ജൂണ്‍ 29 നായിരുന്നുവെന്നും ജഡ്ജി പറഞ്ഞു. മെമ്മോറിയല്‍ ഡേയ്ക്കുശേഷം ഉണ്ടായ വര്‍ധന, ജൂലൈ 4 വാരാന്ത്യത്തോടെ ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *