ഹൂസ്റ്റൺ : മറ്റുള്ളവരുടെ നൊമ്പരം മാറ്റാൻ, സ്വന്തം ദുഃഖങ്ങൾ മറന്നു, ചുണ്ടിൽ പുഞ്ചിരിയുമായി രാപകൽ അദ്ധ്വാനിക്കുന്ന നഴ്സുമാരെ പറ്റി ആദരവോടെ മാത്രമേ നമുക്ക് ചിന്തിക്കാൻ കഴിയൂ. പ്രത്യേകിച്ച്, ഈ കോവിഡ് കാലത്ത്‌ ലോകം മുഴുവൻ മഹാമാരിയുടെ പിടിയിലമരുമ്പോൾ സ്വന്ത ജീവൻ പോലും ബലി കൊടുക്കാൻ തയ്യാറായി നിൽക്കുന്ന ഇവരുടെ സേവനം ഒരിക്കലും വിസ്മരിക്കപ്പെട്ടുകൂടാ.

അഞ്ചു പതിറ്റാണ്ടിലധികമായി അമേരിക്കൻ മണ്ണിൽ ആതുര ശുശ്രൂഷാ സേവന രംഗങ്ങളിൽ നിറസാന്നിധ്യമായി നിൽക്കുന്നവരാണ് ഇന്ത്യൻ നഴ്സുമാർ. പലപ്പോഴും അവരുടെ അസാധാരണമായ സേവന മനോഭാവത്തെ മനസിലാക്കുവാനും പ്രകീർത്തിക്കുവാനും നമുക്ക് കഴിഞ്ഞിട്ടില്ല. അതിനു പ്രധാന കാരണം അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഇന്ത്യൻ നഴ്സുമാരെ പറ്റിയും അവരുടെ സംഭാവനകളെപ്പറ്റിയും കൃത്യമായ വിവരം ലഭിയ്ക്കുവാൻ നിലവിൽ ഒരു സ്ഥിതി വിവരക്കണക്കു (ഡാറ്റ) ഇല്ല എന്നുള്ളതാണ്.

എന്നാൽ ഈ കുറവ് പരിഹരിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനുമായി നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന) അമേരിക്കയിൽ താമസിക്കുന്ന സജീവമായി ജോലി ചെയ്യുന്നതും വിരമിച്ചവരുമായ എല്ലാ ഇന്ത്യൻ നഴ്സുമാരെയും പങ്കെടുപ്പിച്ചു ഒരു ദേശീയ സർവേ എടുക്കുന്നതിനുള്ള ഒരു പദ്ധതി ഏറ്റെടുത്തു ആരംഭിച്ചിരിക്കുന്നു. അമേരിക്കയിൽ ഒരു നഴ്‌സായി ജോലി ചെയ്തു വിരമിച്ചവരും ഇപ്പോൾ സജീവമായി ജോലി ചെയ്യുന്നവരുമായ എല്ലാ നഴ്സുമാരും ഈ ഉദ്യമത്തിൽ പങ്കെടുത്തു വിജയി പ്പിക്കണമെന്ന് നൈന ഭാരവാഹികൾ അറിയിച്ചു.

വെറും മൂന്നു മിനിറ്റിനുള്ളിൽ സർവ്വേ പൂർത്തിയാക്കാവുന്നതാണ്. അമേരിക്കയിൽ നേഴ്‌സുമാരായി ജോലി ചെയ്‌തവരും ജോലി ചെയ്യുന്നവരുമായ എല്ലാ ഇന്ത്യക്കാർക്കും (സ്ത്രീ പുരുഷ ഭേദമെന്യേ) ഈ സർവേയിൽ പങ്കെടുക്കാവുന്നതാണ്. അമേരിക്കയിൽ ജനിച്ചു വളർന്ന ഇന്ത്യൻ വംശജരായ പുതു തലമുറയിൽ പെട്ട നേഴ്സ്മാരെയും സർവേയിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നു.സർവേയിൽ പങ്കെടുക്കുന്നതിന് നൈന അംഗത്വം ബാധകമല്ല. ഇതോടൊപ്പമുള്ള ലിങ്കിൽ പോയി അവരുടെ വിവരങ്ങൾ ചേർത്ത് ഈ സംരംഭത്തെ വിജയിപ്പിക്കുക.

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *