ഡാലസ്: ലോകം മുഴുവന്‍ അറിയപ്പെടുന്നതും, പതിനായിരക്കണക്കിന് അയ്യപ്പ ഭക്തന്മാര്‍ സ്‌നാനത്തിനായി ഉപയോഗിക്കുന്നതുമായ പമ്പാ നദിയെ സംരക്ഷിക്കുന്നതിനും മാലിന്യ വിമുക്തമാക്കുന്നതിനും ലക്ഷ്യമിട്ട് ജനപങ്കാളിത്തത്തോടെ പമ്പാരണ്യ പദ്ധതിക്ക് തുടക്കം കുറിച്ചതായി ബിജെപി നേതാവും, മുന്‍ മിസ്സോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേരള ജനതയുടെ ജീവധാരമായി താര്‍ന്നിരിക്കുന്ന 44 നദികളേയും പുനരുദ്ധരിക്കുന്നതിനുള്ള ഇത്തരം പദ്ധതികള്‍ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പമ്പാനദിയുടെ ഉത്ഭവം മുതല്‍ പതനം വരെയുള്ള പ്രദേശങ്ങളിലെ 36 പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പമ്പാരണ്യ പദ്ധതി നടപ്പാക്കുന്നത്. നദിയുടെ കരകളില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചും, പ്ലാസ്റ്റിക്ക് വിമുക്തമാക്കിയും, നഷ്ടപ്പെട്ട കാവുകള്‍ പുനഃസ്ഥാപിക്കുകയുമാണ് പദ്ധതികള്‍ നടപ്പാക്കുകയെന്ന് കുമ്മനം പറഞ്ഞു. കേരളത്തില്‍ പോലും മാധ്യമങ്ങളെ അറിയിച്ചിട്ടില്ലാത്ത പമ്പാരണ്യ പദ്ധതിയെ കുറിച്ച് അമേരിക്കയിലാണ് ആദ്യം വെളിപ്പെടുത്തുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

ഡാലസ് കേരള അസോസിയേഷന്‍ ആഗസ്റ്റ് 25 ഞായറാഴ്ച വൈകിട്ട് അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു കുമ്മനം. അസോസിയേഷന്‍ ഓഫിസില്‍ എത്തിചേര്‍ന്ന കുമ്മനത്തെ ഐ വര്‍ഗീസ്, ചെറിയാന്‍ ചൂരനാട്, പീറ്റര്‍ നെറ്റൊ, റോയ് കൊടുവത്ത്, ബോബന്‍ കൊടുവത്ത്, പ്രദീപ് നാഗനൂലില്‍, രാജന്‍ ഐസക്ക്, മന്മഥന്‍ നായര്‍, അനശ്വര്‍ മാംമ്പിള്ളി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ അതിഥിയെ പരിചയപ്പെടുത്തി. റോയ് കൊടുവത്ത് സ്വാഗതം ആശംസിച്ചു. സദസ്സില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് കുമ്മനം മറുപടി പറഞ്ഞി. ജോ. സെക്രട്ടറി രാജന്‍ തോമസ് കൃതജ്ഞത രേഖപ്പെടുത്തി.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *