ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റില്‍ ശ്വാസം മുട്ടി മരിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്. തന്റെ ആറു വയസ്സുള്ള മകളുടെ സ്കൂളിനു ശേഷമുള്ള പ്രോഗ്രാമില്‍ സഹായിക്കേണ്ടതായിരുന്നു കെല്ലി ഓവന്‍ (27) എന്ന മാതാവ്. എന്നാല്‍, പകരം ഫാര്‍മിംഗ്ഡേലിലുള്ള വീടിനുള്ളില്‍ കിടക്കയില്‍ മരിച്ചുകിടക്കുന്നതാണ് കുടുംബക്കാര്‍ കണ്ടത്.

സാധാരണയായി കെല്ലി ഓവന്‍ മകളുടെ സ്കൂളിലേക്ക് ഉച്ചകഴിഞ്ഞ് 3 മണിക്ക് പോകാറുണ്ടായിരുന്നു. പക്ഷെ, അന്നേ ദിവസം കെല്ലിയെ സ്കൂളില്‍ കണ്ടില്ലെന്ന് നാസാവു പോലീസ് ഡിറ്റക്റ്റീവ് ലഫ്റ്റനന്‍റ് സ്റ്റീഫന്‍ ഫിറ്റ്സ്പാട്രിക് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കെല്ലിയുടെ മാതാപിതാക്കള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകളുടെ കാര്‍ വീട്ടുമുറ്റത്ത് കണ്ടതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘ആ സമയത്ത് മകളുടെ കാര്‍ കണ്ടതില്‍ സംശയം തോന്നി അകത്ത് പ്രവേശിച്ച മാതാപിതാക്കളാണ് മകള്‍ കട്ടിലില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്,’ ഫിറ്റ്സ്പാട്രിക് പറഞ്ഞു.

അത്യാഹിത നമ്പര്‍ 911 ല്‍ വിളിച്ചതനുസരിച്ച് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് കെല്ലി മരിച്ച വിവരം അറിയുന്നത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് മെഡിക്കല്‍ എക്സാമിനര്‍ സ്ഥിരീകരിച്ചു.

മാതാപിതാക്കളോടും സഹോദരനോടുമൊപ്പമാണ് കെല്ലിയും മകളും താമസിച്ചിരുന്നത്. വീട്ടില്‍ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണമൊന്നും കണ്ടില്ലെന്ന് ഫിറ്റ്സ്‌പാട്രിക് പറഞ്ഞു.

കേസ് നരഹത്യയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വിവരങ്ങള്‍ അറിയാവുന്നവര്‍ ക്രൈം സ്റ്റോപ്പേഴ്സിന്റെ ടോള്‍ ഫ്രീ നമ്പര്‍ 1-800-244-TIPS-ല്‍ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

മൊയ്തീന്‍ പുത്തന്‍‌ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *