ഫ്ലോറിഡ: മറ്റൊരാളുടെ ബോര്‍ഡിംഗ് പാസ് ഉപയോഗിച്ച് ടിഎസ്എയുടെ സെക്യൂരിറ്റി ക്ലിയറന്‍സിലൂടെ കടന്നുപോയ ഓട്ടിസം ബാധിച്ച കൗമാരക്കാരിയെ വിമാന ജോലിക്കാര്‍ തടഞ്ഞുവെച്ചു. ഒര്‍ലാന്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്.

ജനുവരി 9 ന് രാത്രി 10 മണിയോടെ ഫ്ലോറിഡ അപ്പോപ്കയിലെ ലെയ്ക്ക് ജാക്സണ്‍ സര്‍ക്കിളില്‍ നിന്ന് കാണാതായ സേഡ് സബ്സ് (15) എന്ന പെണ്‍കുട്ടിയെയാണ് ഒര്‍ലാന്റോ വിമാനത്താവളത്തില്‍ കണ്ടെത്തിയത്.

വിമാനത്താവളത്തിലേക്ക് പോകാന്‍ അപ്പോപ്കയില്‍ നിന്ന് നിരവധി ബസുകളില്‍ കയറിയെന്നും ‘വിമാനത്തില്‍ പറക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും’ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) ചെക്ക്‌പോയിന്‍റിലൂടെ കടന്നുപോകാന്‍ നിലത്തുകിടന്ന ഒരു ഡ്രിങ്ക് കൂപ്പണ്‍ ഉപയോഗിച്ചതായും പെണ്‍കുട്ടി ഒര്‍ലാന്റോ പോലീസിനോട് പറഞ്ഞു. അത് ശരിയല്ലെന്ന് ടിഎസ്എ വക്താവ് പറഞ്ഞു.

നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള ഫുട്ടേജുകളില്‍ ടിഎസ്എ പ്രീചെക്ക് പാതയിലൂടെ പെണ്‍കുട്ടി പോകുന്നതായി കാണാമെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടി നല്‍കിയത് സാധുവായ ഒരു ബോര്‍ഡിംഗ് പാസ് ആണ്. അവള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കേണ്ട ആവശ്യമില്ലെന്ന് ടി‌എസ്‌എ അധികൃതര്‍ പോലീസിനോട് പറഞ്ഞു. 18 വയസ്സിന് താഴെയുള്ള യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ ഐഡി ഹാജരാക്കേണ്ട ആവശ്യമില്ല. അവളെ സെക്യൂരിറ്റി പരിശോധനയ്ക്ക് വിധേയയാക്കി. വ്യോമയാന സംവിധാനത്തിന് ഒരു ഭീഷണിയുമില്ലെന്ന് കണ്ടതായി അവര്‍ പറയുന്നു.

ടിഎസ്എ പറയുന്നതനുസരിച്ച് പെണ്‍കുട്ടിയെ പിന്നീട് വിമാനത്തില്‍ കയറുന്നതില്‍ നിന്ന് വിമാന ജോലിക്കാര്‍ തടഞ്ഞു. ‘സുരക്ഷയുടെ പല തലങ്ങളുമുണ്ടെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്,’ ടിഎസ്എ കൂട്ടിച്ചേര്‍ത്തു.

‘വിമാനത്തിന്‍റെ വാതില്‍ക്കല്‍ യാത്രക്കാരെ സ്ക്രീന്‍ ചെയ്യുന്ന മറ്റൊരു സുരക്ഷാപാളിയായ എയര്‍ലൈന്‍ ജോലിക്കാര്‍ പെണ്‍കുട്ടിയെ വിമാനത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു പോലീസിന് കൈമാറി. അവര്‍ അവളെ കുടുംബവുമായി വീണ്ടും ഒന്നിപ്പിച്ചു,’ ടി‌എസ്‌എ അധികൃതര്‍ വ്യക്തമാക്കി.

വിമാനത്താവളത്തിന്റെ ഒരു ഗേറ്റില്‍ അലഞ്ഞു നടക്കുന്നതിനിടെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാരന്‍ പെണ്‍‌കുട്ടിയെ സമീപിച്ചതായി ഒര്‍ലാന്റോ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അത് കാണാതായ പതിനഞ്ചുകാരിയാണെന്ന് തിരിച്ചറിഞ്ഞത്.

പെണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും പോലീസിന്റേയും വിമാനത്താവള അധികൃതരുടെയും സമയോചിതമായ ഇടപെടല്‍ പെണ്‍കുട്ടിയെ ഭദ്രമായി കുടുംബത്തെ ഏല്പിക്കാന്‍ കഴിഞ്ഞെന്നും അപ്പോപ്ക പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

അന്വേഷണം നടന്നുവരികയാണെന്നും എന്നാല്‍ ഇപ്പോള്‍ സംശയിക്കത്തക്ക ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മൊയ്തീന്‍ പുത്തന്‍‌ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *