കാനഡ: ആകാശത്തു കറങ്ങി ഫോട്ടോയെടുക്കാനും ബോംബു വര്‍ഷിക്കാനും മാത്രമല്ല വനങ്ങളുടെ പുനര്‍ജനനത്തിനു വിത്തു വിതറാനും ഇനി ഡ്രോണുകളുടെ സേവനമെത്തും. ഭൂമിക്ക് പുതുജീവന്‍ നല്‍കിക്കൊണ്ട് മരങ്ങള്‍ വെച്ചപിടിപ്പിക്കാന്‍ ഡ്രോണുകളെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കാനഡയിലെ ഒരുകൂട്ടം പരിസ്ഥിതി ശാസ്ത്രജ്ഞര്‍.

ഈ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഡ്രോണുകളില്‍ നിന്നും വെടിയുണ്ടപോലെ പുറത്തേക്കു തെറിപ്പിച്ച വിത്തുകള്‍ മുള പൊട്ടി മരങ്ങളായി വളര്‍ന്നു തുടങ്ങി. പരീക്ഷണ പറക്കല്‍ വിജയമാണെന്നു തെളിഞ്ഞതോടെ എട്ട് വര്‍ഷത്തില്‍ നൂറ് കോടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ലോകത്തെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഈ സംഘം.കാലാവസ്ഥാ മാറ്റത്തിന്റേയും ഭൂമിയിലെ വനനശീകരണത്തിന്റേയും തോത് കുറയ്ക്കാന്‍ ഡ്രോണുകളെക്കൊണ്ട് സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

വനവല്‍ക്കരണം മുഖ്യലക്ഷ്യമാക്കിയുള്ള ഫല്‍ഷ് ഫോറസ്റ്റ് എന്ന കമ്പനിയാണ് ഈ ആശയം യാഥാര്‍ഥ്യമാക്കുന്നതിന് പിന്നില്‍. ഒരിക്കല്‍ വിത്തിട്ടുപോയ പ്രദേശങ്ങളിലെ ചെടികളുടെ വളര്‍ച്ച വിലയിരുത്താനും ആവശ്യമെങ്കില്‍ വീണ്ടും വിത്തിടാനും ഡ്രോണുകള്‍ നിശ്ചിത ഇടവേളകളില്‍ വീണ്ടും നിരീക്ഷണ പറക്കലുകള്‍ നടത്തും.

പ്രതിവര്‍ഷം ഭൂമിയില്‍ 130 കോടി വൃക്ഷങ്ങള്‍ പലവിധേന നശിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ഇതില്‍ പകുതിയോളം ഭൂമി തിരിച്ചുപിടിക്കുന്നുണ്ട്. അപ്പോഴും 65 കോടിയിലേറെ വൃക്ഷങ്ങളുടെ കമ്മിയുണ്ടാകുന്നു പ്രതിവര്‍ഷം. ഇതിനുള്ള പരിഹാരമായാണ് ഡ്രോണ്‍ വിത്തിടല്‍ അവതരിപ്പിച്ചിട്ടുള്ളത്.

പ്രത്യേകം തയ്യാറാക്കിയ ഡ്രോണുകളാണ് ആകാശത്തു നിന്നും വിത്തുകള്‍ വിതയ്ക്കുക. ഓരോ വിത്തും ഫലഭൂയിഷ്ടമായ മണ്ണില്‍ പൊതിഞ്ഞ് ഉണ്ടകളായാണ് ഭൂമിയിലേക്ക് ഇടുന്നത്. ഒമ്പത് മാസം വരെ വിത്തുകള്‍ക്കാവശ്യമായ പോഷകങ്ങള്‍ ഈ പോഷക ഉണ്ടകളില്‍ നിന്നും ലഭിക്കും. വിത്തുകള്‍ക്ക് വളര്‍ന്ന് ചെടിയായി സ്വന്തം കാലില്‍ നില്‍ക്കാന്‍ ഈ സമയം മതിയാകും.

മനുഷ്യര്‍ കൈകൊണ്ട് വിത്തു നടുന്നതിനെ അപേക്ഷിച്ച് പത്തിരട്ടി വേഗത്തിലും അഞ്ചിലൊന്ന് ചെലവിലും ഡ്രോണ്‍ ഉപയോഗിച്ച് വിത്തിടല്‍ സാധ്യമാകും. കഴിഞ്ഞ ഓഗസ്റ്റില്‍ ഇവര്‍ നടത്തിയ പരീക്ഷണത്തിനിടെ 3100 വിത്തുകളാണ് ഡ്രോണുകള്‍ ഭൂമിയിലേക്ക് തൊടുത്തത്. ഡ്രോണുകള്‍ കൂട്ടമായി പറന്ന് വിത്തുകള്‍ വിതയ്ക്കുന്ന രീതിക്ക് പകരം വെക്കാന്‍ മറ്റൊന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *