ഒക്കലഹോമ: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി നൂറുകണക്കിന് കുറ്റവാളികള്‍ക്ക് ഒരേ സമയം ശിക്ഷയിളവു നല്‍കി ഒക്കലഹോമ ജയിലില്‍ നിന്നും മോചിപ്പിച്ചു.

462 തടവുകാരാണ് നവംബര്‍ 4ന് ജയില്‍ വിമോചിതരായത്. ഇത് സംബന്ധിച്ചു ഉത്തരവ് ഗവര്‍ണ്ണര്‍ കെവിന്‍ സ്റ്റിറ്റ ഒപ്പുവെച്ചിരുന്നു. 527 പേരാണ് ശിക്ഷയിളവിന് അര്‍ഹരായത്. എന്നാല്‍ 65 പേരെ പിന്നീട് വിട്ടയക്കും.

ഒക്കലഹോമ ജയിലില്‍ വര്‍ദ്ധിച്ചു വരുന്ന പ്രതികളുടെ എണ്ണത്തിനനുസരിച്ചു ആവശ്യമായ താമസ സൗകര്യം ഇല്ലാത്തതാണ് ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷയനുഭവിക്കുന്നവരെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്.

സ്റ്റേറ്റ് പാര്‍ഡന്‍ ആന്റ് പരോള്‍ ബോര്‍ഡ് പ്രതികളുടെ കേസ്സ് വിശദമായി പരിശോധിച്ചതിന് ശേഷമാണ് ശിക്ഷയിളവിന് നിര്‍ദേശിച്ചത്. ചെറിയ തോതില്‍ മയക്കുമരുന്ന് കൈവശം വച്ചവര്‍, ഭവനഭേദനം നടത്തിയവര്‍ എന്നിവരാണ് ഇന്ന് ജയില്‍ വിമോചിതരായി പുറത്തിറങ്ങിയത്.
പുറത്തിറങ്ങിയവരുടെ ശരാശരി പ്രായം 39.7 ആണ്.

75 ശതമാനം പുരുഷന്മാരും, 25 ശതമാനം സ്ത്രീകളും ഇവരില്‍ ഉള്‍പ്പെടുന്നു. ജയില്‍ വിമോചിതരായവരുടെ പുനരധിവാസത്തിന് നേതൃത്വം നല്‍കുവാന്‍ നിരവധി സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ട്.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *