ന്യൂയോര്‍ക്ക്: ഷാജു സാം ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. 1984-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ഉടന്‍ ചെയ്ത് രണ്ടുകാര്യങ്ങളാണ്. ഒന്നാമത് സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിന്റെ ക്യൂന്‍സ് കോളജില്‍ നിന്ന് അക്കൗണ്ടിംഗ് ബിരുദം നേടുകയും, രണ്ടാമതായി അമേരിക്കയിലെ ഏറ്റവും വലുതും ആദ്യകാല സംഘടനകളിലൊന്നുമായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കില്‍ അംഗത്വം നേടുകയുമായിരുന്നു.

മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ സംഘടനയുടെ ഏറ്റവും ചെറുപ്പക്കാരനായ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയില്‍ ടാക്‌സേഷനില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടി വാള്‍സ്ട്രീറ്റ് ലോ സ്ഥാപനത്തില്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ ആയി ജോലി ചെയ്യുന്നു. ബെല്‍റോസില്‍ സ്വന്തമായി അക്കൗണ്ടിംഗ് ടാക്‌സ് പ്രാക്ടീസുമുണ്ട്. 1994-ല്‍ കേരള സമാജം പ്രസിഡന്റായി. അപ്പോഴും ആ സ്ഥാനത്തെത്തുന്ന ചെറുപ്പക്കാരനായിരുന്നു. 2001-ല്‍ വീണ്ടും സെക്രട്ടറി. 2012-ല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍. 2017-ല്‍ വീണ്ടും പ്രസിഡന്റായി.

ഇതിനു പുറമെ സാമൂഹിക- ആദ്ധ്യാത്മിക മേഖലകളിലും ഷാജു സാം വ്യക്തിമുദ്ര പതിപ്പിച്ചു. വൈസ് മെന്‍സ് ഇന്റര്‍നാഷണലിന്റെ യു.എന്‍. പ്രൊജക്ട് അംഗമായി നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്നു. 2015 – 17 കാലയളവില്‍ വൈസ് മെന്‍സ് നോര്‍ത്ത് അറ്റ്‌ലാന്റിക് റീജണല്‍ ഡയറക്ടറായി. മാര്‍ത്തോമാ സഭാ അസംബ്ലി അംഗവും മാര്‍ത്തോമാ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഡയോസിസിന്റെ ധനകാര്യ ഉപദേശകസമിതി അംഗമായും സേവനം അനുഷ്ഠിച്ചു. സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രഷറര്‍ ആയിരുന്നു.

കേരളത്തിലായിരുന്നപ്പോള്‍ ബാലജനസഖ്യം, കെഎസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചു. കൊടുമണ്‍ വികസന കമ്മിറ്റിയുടേയും, കൊടുമണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റേയും സ്ഥാപക സെക്രട്ടറിയാണ്.

പ്രവര്‍ത്തനമികവും, എല്ലാവരേയും ഒന്നായി കാണാനുള്ള വിശാലതയും, ഒരുമയോടെ പ്രവര്‍ത്തിക്കാനുള്ള സഹവര്‍ത്തിത്വവും വിനീതമായ ഇടപെടലുകളും ത്യാഗമനോഭാവവും ഷാജുവിനെ മറ്റു പ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. സ്വയം ഉയരാന്‍ ശ്രമിക്കാതെ ഭിന്നതകള്‍ ഇല്ലാതെ എല്ലാവരേയും ഉയര്‍ത്തി സംഘടനയെ സുരക്ഷിതമായ ഒരു തലത്തില്‍ എത്തിക്കുകയെന്നതില്‍ ഷാജു എപ്പോഴും ശ്രദ്ധാലുവാണ്. ഫൊക്കാനയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ ഷാജുവിനു കഴിയുമെന്നുറപ്പ്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *