മസ്കിറ്റ് (ഡാളസ്): ഫോർത്തി ഹൈസ്ക്കൂൾ വിദ്യാർത്ഥികളായ നറ്റാഷ (17) ,അലക്സ (16) എന്നിവരെ പിതാവ് റെയ്മണ്ട് ഹെയ്ഡൽ (63) വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്ത സംഭവം ജൂൺ 8 തിങ്കളാഴ്ച മസ്കിറ്റ് ടൗൺ ഈസ്റ്റിൽ നിന്നും റിപ്പോർട്ട് ചെയ്തു.

രാത്രി 10-30 ന് വെടിയൊച്ച കേൾക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്.ഇരുനില വീട്ടിൽ എത്തിയ പൊലീസ് രക്തത്തിൽ കുളിച്ചു കിടക്കുന്ന റെയ്മണ്ടിനെയാണ് ആദ്യം കണ്ടത്.തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ട് കുട്ടികളും ബെഡ് റൂമിൽ വെടിയേറ്റ് മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. മൂന്നു പേരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

ഫോർത്തി ഹൈസ്കൂൾ ബാന്റ് ടീം അംഗങ്ങളായിരുന്നു ഇരുവരും. നറ്റാഷയുടെ ഹൈസ്കൂൾ ഗ്രാജുവേഷൻ ജൂൺ 1 നായിരുന്നു.

രണ്ടു മക്കളെ വെടിവച്ചു കൊല്ലുന്നതിന് പിതാവിനെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ച് വരുന്നതായി മസ്കിറ്റ് പൊലീസ് ലഫ്റ്റനൻറ് സ്റ്റീഫൻ ബ്രിഗ്സ് പറഞ്ഞു.

സമർത്ഥരായ രണ്ട് വിദ്യാർത്ഥികളെയാണ് തങ്ങൾക്ക് നഷ്ടപ്പെട്ടതെന്ന് ഫോർതി സ്കൂൾ അധ്യാപകർ പറഞ്ഞു. സഹപാഠികളുടെ മരണത്തിൽ മാനസിക വിഷമത്തിലായിരിക്കുന്നവർക്ക് കൗൺസലിംഗിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *