മെയ്ന്‍: മെയ്ന്‍ സംസ്ഥാനം വിവാഹത്തില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആയി ക്ലിപ്തപ്പെടുത്തിയിരുന്നുവെങ്കിലും മില്ലിനോക്കറ്റില്‍ നടന്ന വിവാഹത്തില്‍ അനുവദിക്കപ്പെട്ടിരുന്നതിലും കൂടുതല്‍ പേര്‍ പങ്കെടുത്തിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത 52 പേര്‍ക്ക് പരിശോധനയില്‍ കൊറോണ വൈറസ് പൊസിറ്റീവ് കണ്ടെത്തിയെന്നും അതില്‍ ഒരാള്‍ മരിച്ചെന്നും മെയിന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) ഓഗസ്റ്റ് 22 ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
നാലു വയസ്സു മുതല്‍ 98 വയസ്സുവരെയുള്ളവരിലാണ് കോവിഡ് 19 കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഒരു സ്ത്രീയാണ് മരിച്ചത്. വിവാഹത്തില്‍ പങ്കെടുത്ത 103 പേരുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഈ സംഭവത്തെ തുടര്‍ന്ന് മെയ്ന്‍ സംസ്ഥാനം വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ സംഖ്യയുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനു ശക്തമായ മുന്‍ കരുതലുകള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. മെയ്ന്‍ സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൊറോണ വൈറസ് കേസ്സുകളും മരണവും കുറവാണ്. 4317 കോവിഡ് 19 കേസ്സുകളും 130 മരണവുമാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പി.പി.ചെറിയാന്‍