ന്യുയോര്‍ക്ക്: കര്‍ഷകശ്രീ ന്യുയോര്‍ക്കിന്റെ പതിനൊന്നാമത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ലഭിച്ച ജോസ് കലയത്തിലും രണ്ടാം സമ്മാനം ഡോ. ആനി പോളും മൂന്നാം സമ്മാനം മനോജ് കുറുപ്പും നേടി.

ഒന്നാം സമ്മാനം ലഭിച്ച ജോസ് കലയത്തില്‍ ന്യൂയോര്‍ക്കിലെ 42 വര്‍ഷത്തെ സേവനത്തിനു ശേഷം വിശ്രമജീവിതം നയിക്കുകയാണ്. ഇരുപതില്‍ പരം കുടുംബങ്ങള്‍ക്ക് ശുദ്ധമായ പച്ചക്കറി വിതരണം ചെയ്യാനായി എന്ന സന്തോഷത്തിലാണ് ജോസ്. രണ്ടാം സമ്മാനം ലഭിച്ച ആനി പോള്‍ ന്യൂയോക്കിലെ റോക്‌ലന്‍ഡില്‍ കൗണ്ടി ലെജിസ്ലേറ്റര്‍ ആണ്. അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും കേരളത്തിന്റെ ഒരു കഷണം മനസ്സില്‍ കൂടെ കൊണ്ടുനടക്കുന്നു എന്നതാണ് ആനിപോളിന്റെ പ്രത്യകത.

അവാര്‍ഡുകള്‍ പിന്നീട് വിതരണം ചെയ്യും എന്ന് സംഘാടകര്‍ അറിയിച്ചു.

ന്യൂയോര്‍ക്കിലെ ചുരുങ്ങിയ വേനല്‍ ദിവസങ്ങള്‍ ധന്യമാക്കി, അമേരിക്കന്‍ മലയാളികള്‍ കൃഷിയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. ചെറിയ രീതിയില്‍ തുടങ്ങിയ വീട്ടിലെ കൃഷികള്‍, അല്‍പ്പം അന്തസ്സോടെ വലിയ രീതിയില്‍ തന്നെ ചെയ്യാന്‍ ആളുകള്‍ മുന്നോട്ടു വരുന്നുണ്ട്. അതുകൊണ്ടുതന്നെ കൃഷിയിടത്തിലെ മത്സരവും ശ്രദ്ധ പിടിച്ചുപറ്റുന്നു. വളരെ കൂടുതല്‍ പേര്‍ ഇപ്പോള്‍ ജോലിയില്‍ നിന്നും വിരമിച്ചു വിശ്രമജീവിതത്തിലേക്കു പ്രവേശിച്ചതിനാല്‍ മൂന്നു മാസക്കാലം വളരെ ജാഗ്രതയോടെ കര്‍ഷകന്റെ കുപ്പായത്തിലാണ്. മനസ്സിന് ഉല്ലാസം കിട്ടുന്നതിനോടൊപ്പം നിര്‍മ്മാണാത്മകമായ പ്രവര്‍ത്തനം ഉന്മേഷവും പ്രദാനം ചെയ്യും. പല കര്‍ഷക കുടുംബങ്ങളില്‍ നിന്നും നന്നേ ചെറുപ്പത്തിലേ നാടുവിട്ടു പോകേണ്ടിവന്ന പലര്‍ക്കും ഗൃഹാതുരത്വം നല്‍കുന്ന, എന്തൊക്കെയോ കളഞ്ഞുപോയതു തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വിളവെടുപ്പുകാലം. പിന്നെ ഒക്കെ വീതം വെച്ചു കൊടുത്തുകഴിയുമ്പോള്‍ നീണ്ട ശൈത്യമാസങ്ങളില്‍ അറിയാതെ ഓര്‍മ്മിച്ചെടുക്കാവുന്ന ഒരു നിര്‍വൃതി.

കഴിഞ്ഞ 11 വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലെ കര്‍ഷകശ്രീ അവാര്‍ഡ് ഇവിടെയുള്ള വളരെ മലയാളികളെ മണ്ണിനൊപ്പം മനസ്സും എന്ന ആശയത്തില്‍ ചേര്‍ത്തുനിറുത്താന്‍ ആയിട്ടുണ്ട്. വളരെപ്പേര്‍ ഉത്സാഹത്തോടെ അവരുടെ പുതിയ കാര്‍ഷീക വിളകളും രീതികളും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു നിറക്കുകയാണ്. നടുവൊടിഞ്ഞു പണിയെടുത്തപ്പോള്‍ കുട്ടികളെ പലര്‍ക്കും അത്ര ശ്രദ്ധിക്കാനായില്ല അതിന്റെ കുറവ് നികത്തുകയാണ് പലരും. കുട്ടികളെക്കാള്‍ വാത്സല്യത്തോടെ പേരിട്ടുവിളിച്ചു തൊട്ടുനോക്കി കിന്നാരം പറഞ്ഞു അങ്ങനെ വളരെ സന്തോഷത്തോടെ ചെടികള്‍ ഫലം നല്‍കുമ്പോള്‍ അവക്ക് ഒരു പ്രത്യേകരുചി ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ സ്വയം അധ്വാനിച്ചു കിട്ടുന്ന ഫലത്തീന് ഒപ്പം എത്ര ഡോളര്‍ കെട്ടുകള്‍ വെച്ചാലും മതിയാവുകയില്ലത്രേ.

കോവിഡ് കാലത്തു വെളിയില്‍ അങ്ങനെ പോകാന്‍ സാധിക്കാത്തതിനാല്‍ ഈ വര്‍ഷം പതിവില്‍ കവിഞ്ഞ ഉത്സാഹമാണ് കൃഷിയിടങ്ങളില്‍ ഉണ്ടായത്. ഇരുപത്തഞ്ചോളം കൃഷി കിറ്റുകള്‍ പലര്‍ക്കായി വിതരണം ചെയ്യനായി എന്ന സന്തോഷത്തിലാണ് ന്യൂയോര്‍ക്കിലെ ഫിലിപ്പ് ചെറിയാന്‍, ഹേമചന്ദ്രന്‍, അജിത് പത്തനാപുരം , മുരളി എന്നവര്‍.

ഇനി അടുത്തതവണ എന്തൊക്കെ പുതിയ വിളകള്‍ പുതിയ രീതിയല്‍ എങ്ങനെ മെച്ചപ്പെടുത്താനാവും എന്ന ചര്‍ച്ചയിലാണ് ന്യൂയോര്‍ക്കിലെ മലയാളി കര്‍ഷകര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *