സെന്റ് ലൂയിസ്: സെന്റ് ലൂയിസ് കൗണ്ടി ലോറല്‍ പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ മൂന്നുവയസ്സുക്കാരന്‍ തോക്ക് എടുത്തു കളിക്കുന്നതിനിടയില്‍ വെടിയേറ്റു മരിച്ചു. സെന്റ് ലൂയിസില്‍ ഈ വര്‍ഷം വെടിയേറ്റു മരിച്ച കുട്ടികളുടെ എണ്ണം ഇതോടെ 22 ആയി. സെപ്റ്റംബര്‍ 12 വ്യാഴാഴ്ചയായിരുന്നു. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു.

വെടിയേറ്റ വിവരം അറിഞ്ഞ ഉടനെ വിവരം പോലീസില്‍ വിളിച്ചറിയിച്ചു. വെടിയേറ്റ കുട്ടിയെ കാറില്‍ മാതാവ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വഴിയില്‍ കണ്ട പോലീസ് ഉദ്യോഗസ്ഥനോട് സഹായമഭ്യര്‍ത്ഥിച്ചു. കുട്ടിയെ പോലീസ് വാഹനത്തിലേക്ക് മാറ്റി. ഫസ്റ്റ് എ്‌യ്ഡ് നല്‍കി അതിവേഗത്തില്‍ ആശുപത്രിയിലെത്തിക്കുവാനുള്ള ശ്രമം പരാജയപ്പെട്ടു. വഴിയില്‍ വെച്ചു തന്നെ കുട്ടി മരിച്ചു.

മാതാപിതാക്കളുടെ കിടപ്പു മുറിയില്‍ നിന്നാണ് കുട്ടിക്ക് തോക്കു ലഭിച്ചത്. അശ്രദ്ധമായി കിടന്നിരുന്ന തോക്കു കുട്ടിയെടുത്തു കളിക്കുന്നതിനിടയിലാണ് വെടിയേറ്റതെന്നും, ഇത് ഒരു അപകടമാണെന്നും ലൂയിസ് കൗണ്ടി പോലീസ് പറഞ്ഞു.

കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. അന്വേഷണത്തിനുശേഷം ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

മാതാപിതാക്കള്‍ തോക്ക് കുട്ടികള്‍ക്ക് ലഭിക്കാത്ത വിധത്തില്‍ ലോക്ക് ചെയ്ത് സൂക്ഷിക്കണമെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ഉല്‍കണ്ഠയുണ്ടെന്നും പോലീസ് പറഞ്ഞു.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *