ഡാലസ് : ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷനുകള്‍ വിതരണം ചെയ്തു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് വോളണ്ടിയേഴ്‌സ് മുഖേന 30 ടിവികളും, മറ്റൊരു ഏജന്‍സി വഴി 6 ടിവികളും ഉള്‍പ്പെടെ 36 ടിവികളാണ് വിതരണം ചെയ്തത്.

ഇതിനോടനുബന്ധിച്ചു റാന്നി കുന്നം മര്‍ത്തോമാ വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് ഭാരവാഹികളില്‍ നിന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ റോബിന്‍ ജി. അലക്‌സ്, പ്രധാനാധ്യാപിക മറിയാമ്മ വര്‍ഗീസ്, ഷീല വര്‍ഗീസ്, അനു വര്‍ഗീസ്, ബെറ്റി വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ടിവികള്‍ ഏറ്റുവാങ്ങി.

ഡാലസ് സെന്റ് പോള്‍സ് മര്‍ത്തോമാ ചര്‍ച്ച് ഇടവക വികാരി റവ. മാത്യു ജോസഫ് (മനോജച്ചന്‍) ഇടവക കമ്മിറ്റി, അംഗങ്ങള്‍ എന്നിവര്‍ക്കു പ്രിന്‍സിപ്പല്‍ നന്ദി പറഞ്ഞു. ലഭിച്ച സഹായത്തിന് പ്രധാനാധ്യാപിക മറിയാമ്മ വര്‍ഗീസ് വികാരിയച്ചനുള്‍പ്പെടെയുള്ളവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തി.

കോവിഡ് മഹാമാരിക്കിടയിലും ദേവാലയങ്ങള്‍ അടഞ്ഞു കിടക്കുമ്പോഴും ഇങ്ങനെ ഒരാവശ്യം ഇടവകാംഗങ്ങളെ അറിയിച്ചപ്പോള്‍ മനസ്സു തുറന്ന് സഹായം നല്‍കിയ ഒരോരുത്തര്‍ക്കും മാത്യു ജോസഫച്ചന്‍ കൃതജ്ഞത അറിയിച്ചു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *