ഡാലസ്: കോവിഡ് എന്ന മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തില്‍ മാര്‍ത്തോമ്മ സഭയുടെ ഡാലസ് കാരോള്‍ട്ടണ്‍ ഇടവകയുടെ നാല്‍പത്തി നാലാമത് ഇടവകദിനാഘോഷ ചടങ്ങ് വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷയോട് ഇന്നലെ (ഞായറാഴ്ച) തുടക്കം കുറിച്ചു. ശുശ്രുഷകള്‍ക്ക് ഇടവക വികാരി റവ.പി.തോമസ് മാത്യു നേതൃത്വം നല്‍കി.
ഈ വര്‍ഷം മാര്‍ച്ച് 8 ഞായറാഴ്ചയാണ് അവസാനമായി വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷ ഇടവകയില്‍ നടത്തിയത്. എന്നാല്‍ ഓര്‍ഡിനറി വര്‍ഷിപ്പ് എല്ലാ ആഴ്ചയിലും ഉണ്ടായിരുന്നതോടൊപ്പം ഓണ്‍ലൈന്‍ പ്രയര്‍ എല്ലാ ദിവസവും ഉണ്ടായിരുന്നു. ഡാലസിലെ അഞ്ച് മാര്‍ത്തോമ്മ ദേവാലയങ്ങളില്‍ കഴിഞ്ഞ അഞ്ചു മാസങ്ങള്‍ക്ക് ശേഷം കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ ആണ് വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷകള്‍ക്ക് ആദ്യമായി തുടക്കം കുറിക്കുന്നത്. ഇരുനൂറില്‍പരം കുടുംബങ്ങള്‍ ഉള്ള ദേവാലയത്തില്‍ ഗവണ്മെന്റിന്റെ നിയമങ്ങള്‍ക്ക് വിധയപ്പെട്ടാണ് ശുശ്രുഷകള്‍ ക്രമീകരിച്ചത്.
1984 ല്‍ ഡാലസിലെ ഗ്രാന്റ്‌പെറി എന്ന സിറ്റിയില്‍ ആയിരുന്നു സ്വന്തമായി ഒരു പള്ളി വാങ്ങുന്നത്. ആ കാലഘട്ടത്തില്‍ ഇടവക വികാരിയായിരുന്ന റവ.ഡോ.കെ.എം.സാമുവേലിന്റെ മരുമകന്‍ ആണ് ഇന്നത്തെ ഇടവക വികാരി റവ.പി.തോമസ് മാത്യു. നാല്പത്തിഅഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഇടവക അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ഒരു മിഷന്‍ പ്രോജക്ടിന് തുടക്കം കുറിക്കുവാന്‍ തീരുമാനം എടുത്തു എന്ന് ഇടവക സെക്രട്ടറി സജു കോര അറിയിച്ചു.
വിളവെടുപ്പ് മഹോത്സവത്തോടനുബന്ധിച്ച് ഇടവകാംഗങ്ങള്‍ സമര്‍പ്പിച്ച ആദ്യഫലങ്ങളുടെ ലേലത്തില്‍ ആരാധനയില്‍ പങ്കെടുത്തവരും അല്ലാത്തവര്‍ ഓണ്‍ലൈനിലൂടെയും പങ്കാളികള്‍ ആയി. അനേക കാര്‍ഷിക വിളകളുടെ ഒരു അപൂര്‍വ്വ ശേഖരം തന്നെ ലേലത്തിന് ഉണ്ടായിരുന്നു. ഒരു കറിവേപ്പിന്‍ തൈ ഇടവക ട്രസ്റ്റി ബായ് ഏബ്രഹാമും ഭദ്രാസന ട്രസ്റ്റി ഫിലിപ്പ് തോമസ് സിപിഎ യും തമ്മില്‍ മത്സരിച്ച് വിളിച്ച് 701 ഡോളറിനാണ് ഫിലിപ്പ് തോമസ് കൈവശപെടുത്തിയത്.
ഇടവകയിലെ എല്ലാ വീടുകളിലും ഒരു പച്ചക്കറിതോട്ടം ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ കര്‍ഷകശ്രീ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു.അടുത്ത ആഴ്ച്ച മികച്ച കര്‍ഷകനെ പ്രഖ്യാപിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. സെപ്തംബര്‍ 6 ഞായറാഴ്ച വീണ്ടും കാര്‍ഷിക വിളകളുടെ ലേലം ഉണ്ടായിരിക്കും എന്ന് കണ്‍വീനറുന്മാരായ ഡോ.ജോസഫ് മാത്യു, ഫിലിപ്പ് വൈദ്യന്‍, ശോഭ ജോണ്‍ എന്നിവര്‍ അറിയിച്ചു.
ഷാജി രാമപുരം