കാലിഫോർണിയ: സാൻ ഫ്രാൻസിസ്‌കോ ബേ-ഏരിയയിലെ കാസ്ട്രോ വാലി മുൻസിപ്പൽ കൗൺസിലിന്റെ ഏഴംഗ സമിതിയിലേക്ക് മലയാളിയായ ടോജോ തോമസ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട അൽ പാദ്രോ, ഇല്യാ പ്രൊകൊപ്പോഫ് എന്നിവർക്കൊപ്പമാണ് മേഖലയുടെ ചുമതല വഹിക്കുന്ന അലമേഡ കൗണ്ടി സൂപ്പർവൈസർ നെയ്റ്റ് മൈലി, ബേ-ഏരിയ മലയാളികൾക്ക് സുപരിചിതനായ ടോജോ തോമസിനെയും നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. കാസ്ട്രോ വാലി മുൻസിപ്പൽ കൗൺസിലിൽ ഇത്തരമൊരു പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ തെക്കനേഷ്യൻ വംശജനാണ് സാൻഫ്രാൻസിസ്‌കോ സിലിക്കൺ വാലി നിവാസികളായ പ്രവാസികൾക്ക് സുപരിചിതനും നോർത്തേൺ കാലിഫോർണിയ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, ട്രസ്റ്റി ബോർഡ് മെമ്പറും ഫോമയുടെ വെസ്റ്റ് റീജിയൻ മുൻ വൈസ് പ്രസിഡന്റുമായ ടോജോ തോമസ്. കാസ്ട്രോ വാലി പ്രദേശത്തെ സ്‌കൂൾകുട്ടികളുൾപ്പെടെയുള്ള കാൽനടയാത്രക്കാരുടെ പൂർണ്ണസുരക്ഷ ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികൾക്കാവും ടോജോ തോമസ്സ് സാരഥ്യം വഹിക്കുക.
പുതിയ സ്ഥാനലബ്ദിയിൽ മലയാളികളുൾപ്പെടെയുള്ള പ്രവാസിസമൂഹത്തിന്റെയും മറ്റ് അമേരിക്കൻ വംശജരുടെയും ഹൃദയം നിറഞ്ഞ ആശംസകളും നിർലോഭമായ പിന്തുണയുമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ രണ്ട് ദശകങ്ങളിലായി മലയാളികളുൾപ്പെടെയുള്ള ഉത്തര കാലിഫോർണിയയിലെ പ്രവാസിസമൂഹങ്ങളിൽ പകരം വയ്ക്കാനാവാത്ത നിരവധിയായ ഇടപെടലുകളാണ് ടോജോ തോമസ് നടത്തിയിട്ടുള്ളത്. മുൻപ് കൗണ്ടി സ്‌കൂൾ ബോർഡിലേയ്ക്കും അലമേഡ സൂപ്പർവൈസർ പദവിയിലേയ്ക്കും ഇദ്ദേഹം ജനവിധി തേടിയിട്ടുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തെ വ്യതിരിക്തതയോടെ നോക്കിക്കാണുകയും അതിൽ ഭാഗഭാക്കാവുകയും ചെയ്യുന്നു എന്നതാണ് ആലപ്പുഴയിൽ നിന്നും തൊണ്ണൂറുകളുടെ തുടക്കത്തിൽ അമേരിക്കയിലേയ്ക്ക് കുടിയേറിയ ടോജോ തോമസിനെ വ്യത്യസ്തനാകുന്നത്. പ്രവാസികൾക്കായുള്ള വിവിധങ്ങളായ സാമൂഹ്യക്ഷേമപ്രവർത്തനങ്ങളിൽ നാളിതുവരെപങ്കാളിയായ ടോജോ തോമസ്, തുടർന്നുവരുന്ന നാളുകളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ കാസ്ട്രോ വാലി പ്രദേശത്തെ സ്‌കൂൾ കുട്ടികളുൾപ്പെടെയുള്ള കാൽനടയാത്രക്കാരുടെ നിലവിലുള്ള റോഡ് സുരക്ഷാമാനദണ്ഡങ്ങളുടെ നടത്തിപ്പിനും സമഗ്രമാറ്റങ്ങൾക്കുംവേണ്ടി ഉപയോഗപ്പെടുത്തുമെന്ന് പൊതുജനങ്ങൾക്ക് അദ്ദേഹം ഉറപ്പുകൊടുക്കുന്നു.
Miley names former critic to Castro Valley MAC
സാജൻ ജോസ്