ഡാളസ് :ജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്ന് ചിന്തിക്കുന്ന ഓരോരുത്തർക്കും ഗുരുദേവന്റെ ദർശനങ്ങൾ അക്ഷയ നിധിയാണെന്ന് ശ്രീമദ്‌ ശാരദാനന്ദ സ്വാമിജി. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക സംപൂജ്യനായ ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തിൽ ആരംഭിച്ച ഗുരു വന്ദനം വിശ്വശാന്തി ഓൺലൈൻ പ്രാർഥനാ പരമ്പരയിൽ ഏപ്രിൽ 19 ഞായറാഴ്ച നടന്ന സത്സംഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീമദ്‌ ശാരദാനന്ദ സ്വാമിജി.ശ്രീ അനൂപ് രവീന്ദ്രനാനാഥ്‌ സ്വാഗത പ്രസംഗം നടത്തി.

പ്രതിസദ്ധിയിലൂടെ കടന്നുപോകുമ്പോൾ ഗുരുദേവ ദർശനങ്ങൾ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് ശ്രീമദ്‌ ശാരദാനന്ദ സ്വാമിജി ഗുരുദേവ കൃതികളിലൂടെ വ്യക്തമാക്കിയത് അതിമനോഹരമായിരുന്നു .

ജീവിതത്തിനു “സുഖം ” എന്തെന്ന് അറിയണമെങ്കിൽ മനസ് ശാന്തമായിരിക്കണം , ശാന്തിയില്ലാതെ സുഖമില്ല തന്നെ . നാമോരോരുത്തരും സുഖ അന്വേഷികളാണ് . അക്കര പച്ചപോലെ നാം സുഖം അന്വേഷിച്ചു പലനാടുകളിലും എത്തിയെങ്കിലും സുഖത്തിന്റെ പൂർണത പിന്നെയും കുറച്ചകലെ ! ആ സുഖം തന്നിൽ തന്നെയുള്ള ആത്മസുഖം ആണെന്നും അത് തന്നിൽത്തന്നെ കണ്ടത്തേണ്ടതാണെന്നും ഗുരുദേവ കൃതിയായ ആത്മോപദേശ ശതകത്തിൽ വരികൾ ഉദ്ധരിച്ചു സ്വാമിജി നമ്മോടു പറഞ്ഞു.

“അവനിവനെന്നറിയുന്നതൊക്കെഓർത്താൽ
അവനിയിയിൽ ആദിമമായൊരാത്മരൂപം
അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം”

ആത്മസുഖത്തിനു ആരാണ് ആഗ്രഹിക്കാത്തത് ? ആ സുഖം തനിക്കുമാത്രം ആകണം എന്ന് ചിന്തിക്കുന്നത് സത്യം അറിയായികയാലല്ലേ ? ഗുരുദേവൻ പറയുന്നു , അവൻ ഇവൻ എന്ന് അറിയുന്നതെല്ലാം ആദിമമായ ആത്മരൂപം തന്നെയാണ് . അത് എന്നിൽ നിന്ന് ഭിന്നമല്ല . ആ എന്റെ പ്രിയം അപരന്റെ പ്രിയം തന്നെ. ഇത് സത്യമാണെങ്കിലും സ്വജീവിതത്തിൽ അനുഭവ പെടേണ്ടേ ? അതിനു ഒരുഉപായം മാത്രമേ ഉളൂ , ഞാൻ എന്ന അഹംകാരത്തെ ഭഗവാന് പൂർണമായി അർപ്പിക്കുക . അതെങ്ങനെ സാധിക്കും !
പിണ്ഢനന്ദി യിലെ ആദ്യശ്ലോകം ചൊല്ലി സ്വാമിജി അതിനു ഉത്തരമേകി.

“ഗർഭത്തിൽ വെചു ഭഗവാൻ അടിയന്റെപിണ്ഡ മെപ്പെരുമൻപൊടു വളർത്ത കൃപാലുവല്ലീ ,
കൽപിച്ചപോലെ വരുമെന്ന് നിനച്ചുകണ്ടിട്ടു
അർപ്പിച്ചിടുന്നടിയനൊക്കെയു മങ്ങുശംഭോ !”

നാമെല്ലാം ഒരിക്കൽ അമ്മയുടെ ഗർഭത്തിൽ ഇരുന്നവരാണ് . അന്ന് ആരാണ് നമ്മെ ഓരോരുത്തരെയും രക്ഷിച്ചത് ? ഞാൻ എന്ന അഹംകാരമാണോ ! ബന്ധുക്കളാണോ ! ധനമാണോ ! തീർച്ചയായും ഇതൊന്നുമല്ല . ആ കൃപാനിധിയായ ഭഗവാനാണ് ! അത് ഉറപ്പുണ്ടെങ്കിൽ കൽപിച്ചപോലെ വരും എന്ന് ഉറപ്പിച്ചു എല്ലാം ആഭഗവാന് പൂർണമായി അർപ്പിച്ചു ജീവിച്ചുകൂടെ ! പക്ഷെ സത്യബോധം ഉറക്കായ്കയാൽ ഞാൻ എന്ന അഹംകാരം എല്ലാം ചെയുന്നു എന്ന് തെറ്റിദ്ധരിച്ചു ഈ ദുഃഖം മുഴുവൻ അനുഭവിക്കുന്നു . ശാന്തി നഷ്ടമായി സുഖം എന്തെന്ന് അറിയാതെ കൂരിരുട്ടിൽ പതിക്കുന്നു .

ഇതൊക്കെ പറയാൻ കൊള്ളാം , നമ്മുടെ ജീവിതത്തിൽ സാധ്യമോ ? സ്വാമിജി അതിനുള്ള മാർഗം പറയുന്നു . നാമോരോരുത്തരും ഇത് ഭഗവാൻ എനിക്കുനൽകിയ കർത്തവ്യം എന്ന പൂര്ണമനസോടെ , ലാഭമോ നഷ്ടമോ , ജയമോ പരാജയമോ എന്ന ഭേദമില്ലാതെ ഭഗവത് ‌ പൂജയായി ചെയുക . അതിൽനിന്നു എന്ത് ഫലം ലഭിച്ചാലും അത് ഭഗവത് പ്രസാദമായി കാണുക . അതിലൂടെ മനസിൻറെ ചാഞ്ചല്യം കുറച്ചതു മനസ് നിര്മലമാകും . നിര്മലമാകുന്ന മനസു ശാന്തമാണ് . ശാന്തി ആനന്ദത്തിലേക്കുള്ള വഴിയും . ലോക സുഖങ്ങൾ പരിച്ഛിന്നമാണ് . സ്വരൂപമാകുന്ന ആനന്ദം കണ്ടെത്തുകയത്രേ ജീവിത ലക്‌ഷ്യം . അവിടെമാത്രമാണ് ശാശ്വതമായ ആനന്ദം .

ബന്ധങ്ങൾ ബന്ധനങ്ങളാണ്‌, അവയിൽനിന്നുള്ള മോചനമാണ് മോക്ഷം . ഞാനും എന്റേതും എന്ന മമതാ ബന്ധത്തിൽ നീന്നു പതിയെ യെങ്കിലും വിട്ടുവരാനും തന്റെ സ്വരൂപമായ സച്ചിദാനന്ദത്തിൽ അമരാനും ഗുരുദേവ കൃതികളുടെ അധ്യയനവും , ചിന്തകളും സഹായിക്കും എന്ന് ഗുരുപ്രസാദ് സ്വാമികൾ ഉത്‌ബോധിപ്പിച്ചു .

ഗുരുപ്രസാദ് സ്വാമിജി ഗ്രീക്കിലെ നാർസിസസ് യും എക്കോ യുടെയും മനോഹരമായ കഥ പറഞ്ഞു . “തൊലിയുമേലുമ്പുമലംദുരന്ദമന്ത കലകളും എന്തും അഹന്ത ”
ആയ ആ നാർസിസസ്‌ ‌ തന്റെ ബാഹ്യ സൗദര്യത്തിൽ മോഹിച്ചു തടാക കരയിൽ ഒരുചെടിയായി മാറി . തൻറെ പ്രതിരൂപമായ ആ എക്കോ യെ കണ്ടെത്തിയില്ല . ക്ഷണികമായ ബാഹ്യ സൗദര്യത്തെ വിട്ടു ശാശ്വതമായ ആന്തരിക സൗദര്യം അറിയേണ്ടതിന്റെ ആവശ്യകത മനോഹരമായ ഒരു കഥയിലൂടെ സ്വാമിജി വരച്ചുകാട്ടി .

അതിനു ഉതകുന്ന വിധത്തിൽ ഈ സത്സംഗം ഉപകരിക്കപ്പെടട്ടെ ! ദേശകാലങ്ങൾക്കു അതീതമായ ഭഗവത്‌ സ്വരൂപം അറിഞ്ഞനുഭവിക്കാൻ എല്ലാപേർക്കും കഴിയട്ടെ എന്ന് ആശംസിച്ചു .

ഈ സത്‌സംഗം പിന്നണി പ്രവർത്തകർക്കും , ഇതിൽ പങ്കാളികളായ ഗുരുദേവ ഭക്തർക്കും ശ്രീ മനോജ് കുട്ടപ്പൻ നന്ദി അറിയിച്ചു

അടുത്ത ആഴ്ച ഏപ്രിൽ 26 ആം തീയതി ബ്രഹ്മശ്രീ അവ്യയാനന്ദ സ്വാമികളും ഒത്തുള്ള സത്സംഗം ഉണ്ടായൊരിക്കും .

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *