ഇന്ത്യാന: അമേരിക്കയില്‍ വ്യാപകമായ കൊറോണ വൈറസിനെ തുടര്‍ന്നു അടച്ചിട്ടിരുന്ന വിദ്യാലയം തുറന്നു പ്രവര്‍ത്തിച്ച ആദ്യദിനം സ്കൂളിലെത്തിയ വിദ്യാര്‍ഥിക്കും മറ്റൊരു ജോലിക്കാരനും കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ത്യാനയിലെ ഗ്രീന്‍ ഫീല്‍ഡ് സെന്‍ട്രല്‍ സ്കൂളില്‍ ഡിസ്ട്രിക്ടിലെ ഗ്രീന്‍ഫീല്‍ഡ് സെന്‍ട്രല്‍ ജൂണിയര്‍ സ്കൂള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത് ജൂലൈ 30നു വ്യാഴാഴ്ചയായിരുന്നു. അമേരിക്കയില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ പഠനത്തിനെത്തിച്ചേര്‍ന്ന വിദ്യാലയത്തിനാണ് ഇത്തരത്തിലൊരു ദുരവസ്ഥയുണ്ടായതെന്നു സ്കൂള്‍ സൂപ്രണ്ട് പറഞ്ഞു.

വ്യാഴാഴ്ച ക്ലാസുകള്‍ ആരംഭിച്ച് ചില മണിക്കൂറുകള്‍ മാത്രമാണ് കുട്ടിയെ സ്കൂളില്‍ ഇരുത്തിയത്. കുട്ടിയുടെ കോവിഡ് ഫലം അറിഞ്ഞയുടനെ സ്കൂളിന്റെ മറ്റൊരു സ്ഥലത്തേക്കു മാറ്റി. ഈ വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട എല്ലാ വിദ്യാര്‍ഥികളും നിരീക്ഷണത്തിലാണെന്നും സൂപ്രണ്ട് പറഞ്ഞു.

സ്കൂള്‍ തുറക്കുന്നതിനു മുമ്പാണ് കുട്ടി കൊറോണ വൈറസ് ടെസ്റ്റ് നടത്തിയത്. സ്കൂള്‍ തുറന്ന ദിവസമാണ് ഫലം വന്നതെന്നും വിവരം ഹാന്‍കോക്ക് കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചതായും സൂപ്രണ്ട് അറിയിച്ചു.

ഈ സംഭവത്തെ തുടര്‍ന്നു സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും, വിദ്യാര്‍ഥിയോട് 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ ഹാജരാകുകയോ, ഓണ്‍ലൈനിലൂടെയോ ക്ലാസ് എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നും എന്നാല്‍ 85 ശതമാനം വിദ്യാര്‍ഥികളും സ്കൂളില്‍ ഹാജരാകാനാണ് താത്പര്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *