മലപ്പുറം: ഉംറ കഴിഞ്ഞ് സൗദിയിലെ ജിദ്ദയിൽ നിന്നെത്തിയ രണ്ടു സ്ത്രീകൾക്കാണ് മലപ്പുറം ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കവേണ്ടെന്നും ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
മാർച്ച് ഒമ്പതിന് ജിദ്ദയിൽ നിന്നു എയർഇന്ത്യയുടെ 960 നമ്പർ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വണ്ടൂർ വാണിയമ്പലം സ്വദേശിനിക്കും മാർച്ച് 12ന് എയർഇന്ത്യയുടെ 964 നമ്പർ വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതോടെ ഇരുവരും മാർച്ച് 13ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.