ഒക്കലഹോമ: വീടിനകത്ത് അതിക്രമിച്ചു കയറി 94 വയസുള്ള വൃദ്ധയെ കൈയും കാലും കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിക്കു പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മാര്‍ച്ച് നാലാം തീയതി വ്യാഴാഴ്ച ഒക്ലഹോമ കോടതിയാണ് എവലിന്‍ ഗുഡലിനെ (94) കൊലപ്പെടുത്തിയ റോബര്‍ട്ട് ഹഷജന (57) ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് മാര്‍ച്ച് രണ്ടിനു ചൊവ്വാഴ്ച ജൂറി വിധിച്ചിരുന്നു.

2013 ജൂലൈ 5 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട വൃദ്ധയുടെ തൊട്ടടുത്ത വീട്ടിലായിരുന്നു പ്രതി താമസിച്ചിരുന്നത്. സംഭവ ദിവസം വീടിന്റെ ജനലരികില്‍ ഇരുന്നു പ്രകൃതിഭംഗി ആസ്വദിച്ചിരുന്ന വൃദ്ധയുടെ വീട്ടിലേക്കു കവര്‍ച്ചയ്ക്കായി പ്രതി അതിക്രമിച്ചു കയറി. തുടര്‍ന്ന് ഇവരെ മര്‍ദിച്ചു കൈയും കാലും കെട്ടിയിടുകയായിരുന്നു. മരിക്കുന്നതിനു മുന്‍പ് എവലിന്‍ പോലീസിനോട് സംഭവിച്ചതിനെകുറിച്ച് വിശദീകരണം നല്‍കിയിരുന്നു.

കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് അംഗീകരിക്കുന്നുവെന്നു പ്രതിയുടെ അറ്റോര്‍ണി പറഞ്ഞു. എന്നാല്‍ കൃത്യം നടത്തിയതു റോബര്‍ട്ടല്ലെന്നും ശരിയായ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അറ്റോര്‍ണി പറഞ്ഞു. അപ്പീലിനു കോടതി പത്തു ദിവസം അനുവദിച്ചിട്ടുണ്ട്.

കേസിന്റെ വാദം നടക്കുന്നതിനിടയില്‍ റോബര്‍ട്ടിന്‍റെ രണ്ടു മുന്‍ ഭാര്യമാരും രണ്ടു കാമുകിമാരും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. തങ്ങളെ മര്‍ദ്ദിക്കാറുണ്ടെന്നായിരുന്നു ഇവരുടെ മൊഴി. സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയ രക്തത്തിന്റെ ഡിഎന്‍എ ഫലവും പ്രതിക്കെതിരായിരുന്നു. പ്രതിക്കു ലഭിച്ച ശിക്ഷ അര്‍ഹതപ്പെട്ടതാണെന്ന് എവലിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *