വാഷിംഗ്ടൺ ഡിസി: താങ്ക്സ്ഗിവിംഗിനോടനുബന്ധിച്ച് വർഷം തോറും വൈറ്റ് ഹൗസിൽ നടക്കുന്ന ടർക്കിക്ക് മാപ്പ് നൽകൽ ചടങ്ങ് ഈ വർഷവും ആഘോഷിച്ചു. 1947 ൽ ആരംഭിച്ച ചടങ്ങിന്‍റെ 71–ാം വാർഷികം കൂടിയാണിത്.

നവംബർ 24 നു റോസ്ഗാർഡനിൽ നടന്ന ചടങ്ങില്‍ 2 ടർക്കികളെയാണ് കൊണ്ടുവന്നിരുന്നത്. അതിൽ കോൺ എന്നു പേരുള്ള ടർക്കിക്ക് പ്രസി‍ഡന്‍റ് തന്‍റെ അധികാരമുപയോഗിച്ച് മാപ്പു നൽകിയപ്പോൾ മറ്റൊരു ടർക്കി കോമ്പിന് തുടർന്നും ജീവിക്കുന്നതിനുള്ള അനുമതി നൽകുകയായിരുന്നു.

ഈ രണ്ടു ടർക്കികളും ഇനി തന്‍റെ മേശയിൽ ഒരിക്കലും ഭക്ഷണമായി വരികയില്ല. അയോവയിൽ പ്രത്യേകം വളർത്തിയെടുത്ത ടർക്കികളായിരുന്നു കോണും കോമ്പിനും. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന് അധികാരം കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജനറൽ സർവീസ് അഡ്മിനിസ്ട്രേഷൻ അറിയിച്ചതിനുശേഷം ഇതു രണ്ടാം തവണയാണ് പ്രസിഡന്‍റ് ട്രംപ് പൊതുജനങ്ങളെ അഭിമുഖീകരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നൂറോളം പേർ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ട്രംപ് ഒഴിഞ്ഞുമാറി. പ്രഥമ വനിതയും കുടുബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വിലമതിക്കാനാവാത്ത സ്വാതന്ത്ര്യം അനുഭവിക്കുന്നതിനും അതു നൽകിയതിന് നന്ദി കരേറ്റുന്നതിനും തുടർന്ന് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനും ദൈവത്തോട് അപേക്ഷിക്കുന്നതിന് തയാറാകണമെന്നാണ് ട്രംപ് അവസാനമായി അഭ്യർഥിച്ചത്.

പി.പി. ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *