ലബക്ക് (ടെക്‌സസ്): നോര്‍ത്ത് ടെക്‌സസ് ഉള്‍പ്പടെ സംസ്ഥാനത്തിന്റെ പല കൗണ്ടികളിലും കൊറോണ വൈറസ് വ്യാപകമായി തുടരുമ്പോഴും സംസ്ഥാനത്ത് മറ്റൊരു ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തയാറല്ലെന്ന് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. നവംബര്‍ 19 വ്യാഴാഴ്ച ലബക്കിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞുകവിയുന്ന സാഹചര്യം പരിശോധിക്കുന്നതിന് എത്തിച്ചേര്‍ന്ന ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

ടെക്‌സസിലെ മുന്നൂറില്‍പ്പരം ആശുപത്രികളിലേക്ക് പരീക്ഷണാര്‍ത്ഥം കോവിഡ് 19 ആന്റിബോഡി ട്രീറ്റ്‌മെന്റ് ലഭിക്കുന്നതിന് ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസ് നടപടികള്‍ സ്വീകരിച്ചതായി ഗവര്‍ണര്‍ അറിയിച്ചു. ഹൂസ്റ്റണ്‍, ഗാല്‍വസ്റ്റണ്‍, ബ്യൂമോണ്ട് ട്രൗമ സര്‍വീസുകളില്‍ അടിയന്തരമായി 700 ഡോസുകള്‍ വിതരണം ചെയ്യുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

ആശുപത്രികളുടെ ചുമതലകള്‍ ലഘൂകരിക്കുന്നതിനും, പാന്‍ഡമിക്കിന്റെ ഭയത്തില്‍ കഴിയുന്ന ടെക്‌സസിനെ ആശ്വസിപ്പിക്കുന്നതിനുമാണ് ഇപ്പോള്‍ പ്രഥമ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. താങ്ക്‌സ് ഗിവിംഗ് ഒഴിവ് ദിനങ്ങള്‍ ആരംഭിക്കുന്നതോടെ രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും പരമാവധി പ്രതിരോധമാര്‍ഗ്ഗങ്ങള്‍ കര്‍ശനമായും പാലിക്കണം. അതേസമയം, ഓസ്റ്റിന്‍, ട്രാവിസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ വീണ്ടും സ്റ്റേജ് 4 ലേക്ക് (കോവിഡ് 19) റിസ്ക് ലവല്‍ ഉയര്‍ത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *