വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ചൂടുപിടിച്ച ചര്‍ച്ചാവിഷയമായിരുന്ന സുപ്രീംകോടതി ജഡ്ജി നിയമനത്തിന് തീരുമാനമായി. ഒക്‌ടോബര്‍ 26 തിങ്കളാഴ്ച യു.എസ് സെനറ്റ് എമി കോണി ബാരറ്റിന്റെ നിയമനം അംഗീകരിച്ചു. സഭയില്‍ ഹാജരായ 52 റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍, ഡമോക്രാറ്റിക് പാര്‍ട്ടിയിലെ 48 പേര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. യു.എസ് സെനറ്റിലെ ഭൂരിപക്ഷകക്ഷി ലീഡര്‍ മിച്ച് മെക്കോണല്‍ എമിയുടെ നിയമനം അംഗീകരിച്ചതായി പ്രഖ്യാപിച്ചു. രാത്രി ഏഴു മണി വരെ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും, വോട്ടെടുപ്പിനുംശേഷമാണ് തീരുമാനമായത്.

സുപ്രീംകോടതിയിലെ ഒമ്പത് ജഡ്ജിമാരില്‍ ഏറ്റവും പ്രായംകുറഞ്ഞ ജഡ്ജിയാണ് എമി. ഏഴാം സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ജഡ്ജിയും, നോട്രിഡാം ലോ പ്രൊഫസറുമായ ഇവരുടെ നിയമനത്തോടെ സുപ്രീംകോടതി ഒമ്പതംഗ പാനലില്‍ കണ്‍സര്‍വേറ്റീവ് ജഡ്ജിമാരുടെ എണ്ണം ആറായി.

മുന്‍ പ്രസിഡന്റ് റോണാള്‍ഡ് റെയ്ഗനുശേഷം മൂന്ന് സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്ന പ്രസിഡന്റ് എന്ന പദവിക്ക് ട്രംപ് അര്‍ഹനായി. വൈറ്റ് ഹൗസില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ എമി ഔദ്യോഗികമായി ചുമതലയേറ്റു. സുപ്രീംകോടതി ജഡ്ജി ക്ലാരന്‍സ് തോമസാണ് പ്രതിജ്ഞാവചകം ചൊല്ലിക്കൊടുത്തു.

സെനറ്റ് ഭൂരിപക്ഷ ലീഡര്‍ മിച്ച് മെക്കോണല്‍ എമിയുടെ (എ.സിബി) തെരഞ്ഞെടുപ്പ് ചരിത്രനിമിഷമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ കീഴ്‌വഴക്കങ്ങളെ ലംഘിച്ച് നടത്തിയ തെരഞ്ഞെടുപ്പിലൂടെ യു.എസ് സെനറ്റിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി രേഖപ്പെടുത്തുമെന്നാണ് ഡമോക്രാറ്റിക് പാര്‍ട്ടി ലീഡര്‍ അഭിപ്രായപ്പെട്ടത്. പ്രസിഡന്റ് ട്രംപ് അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഈ നിയമനത്തിലൂടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *