ഫിലഡല്‍ഫിയ: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രമായ അമേരിക്കയുടെ ദേശീയ സുരക്ഷിതത്വത്തിന് ഭീഷിണിയുയര്‍ത്തുന്ന നമ്പര്‍ വണ്‍ രാജ്യം ചൈനയാണെന്ന് യുണൈറ്റഡ് നേഷന്‍സ് മുന്‍ അമേരിക്കന്‍ അംബാസിഡറും ട്രംപ് ഭരണത്തില്‍ കാബിനറ്റ് പദവി ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി അഭിപ്രായപ്പെട്ടു.

ഫിലഡല്‍ഫിയയില്‍ ഇന്ത്യന്‍ അമേരിക്കന്‍ കമൂണിറ്റി സംഘടിപ്പിച്ച ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു നിക്കി. പ്രസിഡന്റ് ട്രംപിന്റെ 4 വര്‍ഷ ഭരണത്തിനുള്ളില്‍ ഇന്ത്യയുമായി സ്ഥാപിച്ച ശക്തമായ കൂട്ടുകെട്ട്, ട്രംപിന്റെ വിദേശനയം, ചൈനയെ കൈകാര്യം ചെയ്തത്, പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിര്‍ത്തല്‍ ചെയ്തത് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു നിക്കി വിശദീകരിച്ചു.

അമേരിക്കയിലെ മുന്‍ പ്രസിഡന്റുമാരില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി ട്രംപ് സര്‍ക്കാരിന്റെ വിദേശനയം, സാമ്പത്തിക വളര്‍ച്ച, കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് എന്നിവ പ്രത്യേകം പ്രശംസാര്‍ഹമാണെന്ന് നിക്കി പറഞ്ഞു. ഇന്ത്യയോടും ഇന്ത്യന്‍ ജനതയോടും ട്രംപ് പ്രകടിപ്പിച്ച അനുകമ്പ, പ്രധാനമന്ത്രിയുമായുള്ള അടുത്ത സുഹൃദ്ബന്ധം എന്നിവ തുടരണമെങ്കില്‍ ട്രംപ് വീണ്ടും അധികാരത്തില്‍ വരേണ്ടതാണെന്ന് നിക്കി കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ നിന്നും വന്ന മഹാമാരിയെ നേരിടുന്നതിന് ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമായി സഹകരിക്കുന്നതിന് അമേരിക്ക മുന്‍കൈഎടുത്തിരുന്നു.

ചൈനയെ നിലക്ക് നിര്‍ത്താന്‍ കഴിയുന്ന ഏകരാഷ്ട്ര തലവന്‍ ട്രംപ് മാത്രമാണ്. ഭീകര പ്രവര്‍ത്തനങ്ങളുടെ പറുദീസയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് നല്‍കിയിരുന്ന സാമ്പത്തിക സഹായം ട്രംപ് നിര്‍ത്തല്‍ ചെയ്തു. ചൈന ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ ട്രംപ് ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നത് ചൈനയെ ഭയപ്പെടുത്തുന്നുണ്ടെന്നും നിക്കി പറഞ്ഞു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *