ന്യൂജേഴ്‌സി: മലങ്കര കത്തോലിക്കാ സഭ അമേരിക്ക- കാനഡ ഭദ്രാസനത്തിന്റെ മുന്‍ വികാരി ജനറാളും, ന്യൂജേഴ്‌സി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയുടെ വികാരിയുമായ മോണ്‍. പീറ്റര്‍ കോച്ചേരി കോര്‍എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ ശുശ്രൂഷയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഭദ്രാസനാധിപന്‍ മോസ്റ്റ് റവ.ഡോ. പിലിപ്പോസ് മാര്‍ സ്‌തെഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

1970-ല്‍ തിരുവല്ല രൂപതാധ്യക്ഷനായ സഖറിയാസ് മാര്‍ അത്തനാസിയോസ് തിരുമേനിയാല്‍ വൈദീകനായി അഭിഷിക്തനായ പീറ്റര്‍ അച്ചന്‍ കുടിയേറ്റ മേഖലയായ ഹൈറേഞ്ചില്‍ വൈദീകവൃത്തി ആരംഭിച്ചു. തുടര്‍ന്ന് രൂപതയിലെ വിവിധ ഇടവകകളില്‍ സേവനം അനുഷ്ഠിക്കുകയും ഉപരിപഠനാര്‍ത്ഥം കാനഡയിലെ ടൊറന്റോയില്‍ എത്തുകയും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ഒപ്പം അവിടെ സഭയ്ക്ക് പുതിയ ഇടവകയ്ക്ക് തുടക്കംകുറിക്കുകയും ചെയ്തു. 1997 മുതല്‍ 2001 വരെ അമേരിക്കയിലും കാനഡയിലുമുള്ള വിവിധ ഇടവകകളുടെ കോര്‍ഡിനേറ്റര്‍ പദവിയും, സഭ ഭദ്രാസനമായി വളര്‍ന്നപ്പോള്‍ അതിന്റെ ആദ്യത്തെ വികാരി ജനറാളായും നിയമിതനായി.

വൈദീക സെമിനാരി റെക്ടര്‍, ഫാമിലി കൗണ്‍സിലര്‍, കണ്‍വന്‍ഷന്‍ പ്രാസംഗീകന്‍, ധ്യാനഗുരു, വൈദീകരുടെ ആത്മീയ ഉപദേഷ്ടാവ്, കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് ഭദ്രാസന ഡയറക്ടര്‍ തുടങ്ങി വിവിധ നിലകളില്‍ പ്രശോഭിച്ച അച്ചനെ 2012-ല്‍ മാര്‍പാപ്പയില്‍ നിന്നും മോണ്‍സിഞ്ഞോര്‍ പദവി തേടിയെത്തി, തുടര്‍ന്ന് 2019-ല്‍ കോര്‍എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.

സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂജേഴ്‌സി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ മോണ്‍ പീറ്റര്‍ കൃതജ്ഞതാബലി അര്‍പ്പിക്കുകയും, അവിടെ നടന്ന അനുമോദന സമ്മേളനം അമേരിക്ക- കാനഡ ഭദ്രാസനാധിപന്‍ ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ആദരസൂചകമായി പൊന്നാട അണിയിക്കുകയും, മാര്‍പാപ്പയുടെ പ്രത്യേക പ്രശംസാഫലകം സമര്‍പ്പിക്കുകയും ചെയ്തു.

വൈവിധ്യമാര്‍ന്ന പ്രതിഭാസത്തിന്റെ ഉടമയും, മികച്ച വാഗ്മിയുമായ പീറ്റര്‍ അച്ചന്‍ ഭദ്രാസനത്തിന് മുതല്‍ക്കൂട്ടാണെന്ന് തിരുമേനി ഓര്‍മ്മിപ്പിച്ചു. ഇടവക അസി. വികാരി റവ.ഫാ. ജോബിന്‍ തോമസ്, സിസ്റ്റര്‍ ഡോ. ജോസ്‌ലിന്‍ എസ്.ഐ.സി, ഭദ്രാസന മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവും ഇടവക സെക്രട്ടറിയുമായ ജോണ്‍ പി. വര്‍ഗീസ്, ട്രസ്റ്റി ആന്‍സണ്‍ വിജയന്‍ തുടങ്ങിയവര്‍ ജൂബിലേറിയന് അനുമോദനങ്ങള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. സെസില്‍ ഡി. തോമസ് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. ദുര്‍ബലരെയാണ് ദൈവം തന്റെ വേലയ്ക്കായി തെരഞ്ഞെടുക്കാറുള്ളതെന്നും താന്‍ ആ ശ്രേണിയിലെ ഒരു കണ്ണി മാത്രമാണെന്നും, വൈദീക ജീവിതത്തിലെ തന്റെ അമ്പത് വര്‍ഷത്തെ പ്രവര്‍ത്തന പന്ഥാവില്‍ കൈപിടിച്ച് നടത്തിയ എല്ലാവരേയും നന്ദിപൂര്‍വ്വം സ്മരിക്കുന്നതായി കോര്‍എപ്പിസ്‌കോപ്പ അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

സമ്മേളനത്തെ തുടര്‍ന്ന് നവീകരിച്ച വൈദീക മന്ദിരത്തിന്റെ കൂദാശാകര്‍മ്മം പാറശ്ലാല രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ്, ഡോ. ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് തിരുമേനി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നിര്‍വഹിക്കപ്പെട്ടു. പുതിയ വൈദീക മന്ദിരം മോണ്‍. പീറ്റര്‍ കോച്ചേരി എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ ജൂബിലി സ്മാരകമായി രൂപതാധ്യക്ഷന്‍ പ്രഖ്യാപിച്ചു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

സജി കീക്കാടന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *