ഫിലഡല്‍ഫിയ: 1988 ല്‍ നാലു വയസ്സുള്ള ബാര്‍ബര ജീന്‍ എന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഇരുമ്പു കമ്പനി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷക്ക് വിധിച്ച് ഡെത്ത് റോയില്‍ കഴിഞ്ഞിരുന്ന വാള്‍ട്ടര്‍ ഓര്‍ഗറിന് (55) 30 വര്‍ഷത്തെ ജയില്‍ ജീവിതത്തിനു ശേഷം മോചനം. 1996 ലാണ് വാള്‍ട്ടറെ വധശിക്ഷക്കു വിധിച്ചത്.

1992 ല്‍ സ്വയം കുറ്റസമ്മതം നടത്തിയ 23 വയസ്സു പ്രായമുള്ള വാള്‍ട്ടര്‍ ഓര്‍ഗന്റെ ഡിഎന്‍എ ടെസ്റ്റില്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജയിലില്‍ നിന്നും മോചിപ്പിക്കുവാന്‍ ജഡ്ജി ഉത്തരവിട്ടതെന്ന് ഫിലഡല്‍ഫിയ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ലാറി ക്രോസ്‌നര്‍ അറിയിച്ചു. വാള്‍ട്ടര്‍ കുറ്റ സമ്മതം നടത്താന്‍ നിര്‍ബന്ധിതനായതാണെന്ന് അറ്റോര്‍ണിമാര്‍ പറഞ്ഞു.

ജൂണ്‍ 5 ന് വിധി പുറത്തു വന്നതിനു ശേഷം ഫോനിക്‌സ് സ്റ്റേറ്റ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും പുറത്തുവന്ന വാള്‍ട്ടറെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നു സ്വീകരിച്ചു. വാള്‍ട്ടറുടെ കേസ്സ് മൂന്നു തവണയാണ് വിചാരണക്കെത്തിയത്. നിരപരാധിയായ വാള്‍ട്ടര്‍ 30 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വന്നതില്‍ മാപ്പപേക്ഷിക്കുന്നു എന്നു പ്രോസിക്യൂട്ടര്‍ അറിയിച്ചു.

ബാര്‍ബര ജീനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ഇപ്പോഴും പുറത്തു കഴിയുന്നു. തങ്ങളുടെ കക്ഷിയെ ഈ കേസില്‍ നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചതില്‍ വാള്‍ട്ടറുടെ അറ്റോര്‍ണിമാര്‍ നന്ദി അറിയിച്ചു. ജയിലില്‍ കഴിയുന്നതിനിടെ കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയ വാള്‍ട്ടര്‍ ക്ഷീണിതനായിരുന്നു. മകളുടെ ഘാതകന്‍ വാള്‍ട്ടര്‍ അല്ലെന്നും ഇയാളെ വിട്ടയക്കണമെന്നും കൊല്ലപ്പെട്ട കുട്ടിയുടെ മാതാവും കോടതിയോടു അഭ്യര്‍ഥിച്ചിരുന്നു.

പി.പി. ചെറിയന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *