ഡാലസ് : ഡാലസ് കൗണ്ടിയില്‍ കൊറോണ വൈറസ് കണ്ടെത്തിയതിനു ശേഷം ആദ്യമായി ഒറ്റദിവസം 257 പോസിറ്റീവ് കേസ്സുകളും 16 മരണവും സംഭവിച്ചതായി ഡാലസ് കൗണ്ടി അധികൃതര്‍ വെളിപ്പെടുത്തി. ജൂണ്‍ 2 ചൊവ്വാഴ്ചയാണ് റെക്കോര്‍ഡ് നമ്പറിലേക്ക് എത്തിയതെന്നും കഴിഞ്ഞ ആറു ദിവസമായി ഒരോ ദിവസവും 200 രോഗികള്‍ മാത്രമായിരുന്നിടത്താണ് ഇത്രയും പേരില്‍ രോഗം കണ്ടെത്തിയതെന്നും അധികൃതര്‍ പറഞ്ഞു.

ഇതുവരെ ഡാലസ് കൗണ്ടിയില്‍ മാത്രം 10,719 കേസ്സുകളും 245 മരണവും ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. ലോക്ഡൗണില്‍ അയവു വരുത്തിയതും ജനജീവിതം സാധാരണ നിലയിലേക്ക് സാവകാശം നീങ്ങുന്നതും ആളുകള്‍ മാസ്ക്കുകള്‍ ധരിക്കാത്തതും, സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതുമാകാം, രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണു വിലയിരുത്തുന്നത്.

ടെക്‌സസ് സംസ്ഥാനത്തു മാത്രം ഇതുവരെ 67,000 പോസിറ്റീവ് കേസ്സുകളും 1700 മരണവും ഉണ്ടായിട്ടുണ്ട്. 44500 പേര്‍ രോഗമുക്തി നേടി. കൊറോണ വൈറസിനെ മുഴുവനായി ഇല്ലായ്മ ചെയ്യുവാന്‍ പെട്ടെന്നൊന്നും സാധ്യമല്ലെങ്കിലും സാമൂഹിക അകലം പാലിക്കുന്നത്, മാസ്കുകള്‍ ധരിക്കുന്നത്, കൈ വൃത്തിയായി കഴുകുന്നത്, ഒരു പരിധിവരെ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *