ഡിട്രോയിറ്റ്: മിഷിഗണിലെ അവശ്യ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യ കോളജ് വിദ്യാഭ്യാസം ലഭ്യമാക്കുന്ന പദ്ധതിയുമായി മിഷിഗണ്‍ ഗവര്‍ണര്‍ വിറ്റ്മര്‍ “ജിഐ’ ബില്‍ നടപ്പാക്കുന്നു. ഈ പദ്ധതിയിലൂടെ മിഷിഗണിലെ ആരോഗ്യ പ്രവര്‍ത്തകര്‍, അവശ്യ ജീവനക്കാര്‍, മാലിന്യസംസ്കരണ തൊഴിലാളികള്‍, നിത്യോപയോഗ സാധനങ്ങളുടെ വിതരണക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, പൊതുജന സംരക്ഷണ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് സൗജന്യ കോളജ് വിദ്യാഭ്യാസം ലഭ്യമാക്കും. ഫെഡറല്‍ ഗ്രാന്റ് ഉപയോഗിച്ച് ഈ വിദ്യാഭ്യാസ പദ്ധതിക്കുള്ള തുക കണ്ടെത്തുമെന്നു ഗവര്‍ണര്‍ അറിയിച്ചു.
കോവിഡ് 19 എന്ന മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ചുകൊണ്ട് മുന്‍നിരയില്‍ നിന്നു പോരാടുന്നവര്‍ക്കുള്ള നാടിന്റെ സമ്മാനമാണിത്. ശത്രുവിനെതിരേയുള്ള പോരാട്ടത്തില്‍ സഹായിച്ചിട്ടുള്ളവരെ ആദരിച്ചിട്ടുള്ള ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്. എന്നാല്‍ ഇപ്പോള്‍ പോരാട്ടം ഒരു വൈറസിനെതിരേയാണ്. ഈ പോരാട്ടത്തില്‍ നാം വിജയിക്കുകതന്നെ ചെയ്യും. അതില്‍ സഹായിച്ചവരോടുള്ള കടപ്പാടാണ് ഇതെന്നും വിറ്റ്മര്‍ പറഞ്ഞു.
ഈ പദ്ധതിയിലൂടെ ടെക്‌നിക്കല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, അസോസിയേറ്റ് ഡിഗ്രി, ബാച്ചിലേഴ്‌സ് ഡിഗ്രി എന്നിവ സൗജന്യമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മിഷിഗണ്‍ സംസ്ഥാനത്തുള്ള യൂണിവേഴ്‌സിറ്റികള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ തയാറായിട്ടുണ്ട്. ഇത് സമൂഹത്തിന്റെ ഉന്നമനത്തിന് സഹായിക്കുകയും കൂടുതല്‍ ആളുകള്‍ക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ ഇതിലൂടെ സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്നും വിറ്റ്മര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അലന്‍ ചെന്നിത്തല