ഡാലസ് : കൊറോണ വൈറസ് അമേരിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യ ജീവനുകള്‍ അപഹരിക്കുകയും പതിനായിരങ്ങളെ രോഗികളാക്കി മാറ്റുകയും ചെയ്തതിനു പുറമെ സാമ്പത്തിക രംഗം ആകെ താറുമാറാക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയില്‍ മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്‌റ്റേ അറ്റ് ഹോം നടപ്പാക്കിയതോടെ തൊഴില്‍ മേഖല സ്തംഭിക്കുകയും ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ സാമ്പത്തിക തകര്‍ച്ചയിലാണ്. ചെറുകിട വ്യവസായങ്ങള്‍ പുനരുദ്ധരിക്കുവാന്‍ പോലും കഴിയാതെ തകര്‍ന്നിരുന്നു. ഇതിനെയെല്ലാം ഒരു പരിധിവരെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയിലെ മുഴുവന്‍ നികുതിദായകര്‍ക്കും സാമ്പത്തിക സഹായമായി സ്റ്റിമുലസ് ചെക്കുകള്‍ നല്‍കുന്നതിന് അമേരിക്കന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു.

ഗവണ്‍മെന്റ് തീരുമാനത്തിനു വിധേയമായി ട്രഷററി വിഭാഗം ചെക്കുകള്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലെ നികുതിദായര്‍ക്ക് വിതരണം ചെയ്തത് ബാങ്കുകളിലെ അക്കൗണ്ടുകളില്‍ ലഭിച്ചു കഴിഞ്ഞു. ചെക്കുകള്‍ ലഭിക്കാത്തവര്‍ക്കും അര്‍ഹതയുള്ളവര്‍ക്കും ഐആര്‍എസ് പുതിയതായി തുടങ്ങിയ വെബ്‌സൈറ്റ് ഉപയോഗിച്ച് കാരണം കണ്ടെത്താന്‍ കഴിയും. വളരെ സുരക്ഷിതമായ വെബ് സൈറ്റാണിത്.

https://www.irs.gov/coronavirus/get-my-payment

സാമ്പത്തിക തകര്‍ച്ച നേരിടുന്ന അമേരിക്കന്‍ ജനതക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിക്കുന്നതിന് അമേരിക്കന്‍ ഭരണകൂടം നടപ്പാക്കിയ സ്റ്റിമുലസ് പാക്കേജ് സ്വാഗതാര്‍ഹമാണെന്നും അതിന്റെ ഗുണഭോക്താവെന്ന നിലയില്‍ പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഇന്ത്യ പ്രസ്ക്ലബ് (നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍) പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *