ന്യൂഡൽഹി: കോറോണ രോഗത്തെ ഒന്നിച്ചു നിന്ന് പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ആഹ്വാനം ചെയ്‌തു. രോഗം സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന വെല്ലുവിളികൾ നേരിടാൻ ടാസ്‌ക്‌ ഫോഴ്സ് രൂപീകരിക്കും. രോഗബാധ തടയാൻ ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും 22ന് ഞായറാഴ്‌ച രാവിലെ 7മണി മുതൽ രാത്രി 9വരെ പുറത്തിറങ്ങാതെ ജനതാ കർഫ്യൂ ആചരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.പരസ്‌പരം അകലം പാലിക്കേണ്ടത് രോഗം തടയുന്നതിൽ നിർണായകമാണ്. അത്യാവശ്യക്കാർ മാത്രം വീടിന് വെളിയിലിറങ്ങിയാൽ മതി. വീട്ടിലിരുന്നുള്ള ജോലിക്ക് മുൻഗണന നൽകണം. 60വയസിന് മുകളിലുള്ളവർ വരും ആഴ്‌ചകളിൽ വീടിന് പുറത്തിറങ്ങരുത്. അത്യാവശ്യക്കാർ മാത്രം ആശുപത്രിയിൽ പോകുക. ജനതാ കർഫ്യൂ വിജയിപ്പിക്കാൻ എല്ലാവരും പത്തുപേരെയെങ്കിലും അറിയിക്കുക. മത-സാമൂഹ്യ സംഘടനകൾ മുൻകൈയെടുക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണം. കോറോണയെ ക്ഷമയോടെ നേരിടാം. കോറോണ ഭീഷണി മാറിയ ശേഷം ടാസ്‌ക് ഫോഴ്സ് സ്ഥിതി വിലയിരുത്തി നടപടികൾ ആസൂത്രണം ചെയ്യും.പാൽ, മരുന്ന്, തുടങ്ങിയ അവശ്യ വസ്തുക്കൾക്ക് ക്ഷാമുണ്ടാകില്ല. പരിഭ്രാന്തിയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടരുത്. കോറോണ ഭീഷണി തുടങ്ങിയ രണ്ടുമാസമായി സ്വാർത്ഥതയില്ലാതെ ആശുപത്രി, വിമാനത്താവളം, ഡെലിവറി തുടങ്ങിയ മേഖലകളിൽ അക്ഷീണം പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ആദരിക്കാൻ ജനങ്ങൾ മുന്നോട്ടു വരണം. 22ന് ഞായറാഴ്‌ച വൈകിട്ട് അഞ്ചു മണിക്ക് എല്ലാവരും വീടുകളുടെ മുൻവശത്ത് നിൽക്കണം. തദ്ദേശ സ്ഥാപനങ്ങൾ സൈറൻ മുഴക്കുമ്പോൾ അഞ്ച് മിനിട്ട് കൈയടിച്ചും സല്യൂട്ട് ചെയ്‌തും അവരെ ആദരിക്കണം. രോഗം മൂലം ജോലിയില്ലാതായ ദിവസ വേതനക്കാരോട് സഹാനുഭൂമതി പുലർത്താനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. കോറോണയെ കീഴടക്കി വരുന്ന നവരാത്രി ഇന്ത്യക്കാർ ഗംഭീരമായി ആഘോഷിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *