വിസ്‌കോണ്‍സിന്‍: സ്കൂളില്‍ നിന്ന് ഫീല്‍ഡ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ ഒളിക്യാമറകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിസ്കോണ്‍സിന്‍ ഹൈസ്കൂളിലെ ഒരു സ്റ്റാഫ് അംഗത്തെ അവധിയില്‍ പ്രവേശിപ്പിച്ചു.

ഈ മാസമാദ്യം മൂന്ന് ദിവസത്തെ യാത്രയ്ക്കിടെ മാഡിസണ്‍ ഈസ്റ്റ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മിനിയാപൊളിസ് ഡൗണ്‍‌ടൗണിലെ ഹയാത്ത് റീജന്‍സിയിലാണ് താമസിച്ചതെന്ന് വിസ്കോണ്‍സിന്‍ സ്റ്റേറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ ഹയാത്ത് റീജന്‍സിയില്‍ താമസിച്ചത്. അവര്‍ താമസിച്ച മുറികളിലാണ് ഒളിക്യാമറകള്‍ കണ്ടെത്തിയതെന്ന് മിനിയാപൊളിസ് പോലീസ് സ്ഥിരീകരിച്ചു.

സംഭവം അറിഞ്ഞയുടന്‍ വിദ്യാര്‍ത്ഥികളോടൊപ്പം യാത്ര ചെയ്തിരുന്ന ഒരു സ്റ്റാഫ് അംഗത്തെ ഡിസംബര്‍ 8-ന് അവധിയില്‍ പ്രവേശിപ്പിച്ചതായി മാഡിസണ്‍ മെട്രോപൊളിറ്റന്‍ സ്കൂള്‍ ജില്ലാ വക്താവ് തിമോത്തി ലെമണ്ട്സ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ കീഴ്‌വഴക്കമനുസരിച്ചുള്ള മുന്‍കരുതല്‍ നടപടിയാണിത്. പോലീസ് അന്വേഷണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

യാത്രയില്‍ വിദ്യാര്‍ത്ഥികളോടൊപ്പം യാത്ര ചെയ്ത ഏക സ്കൂള്‍ ഡിസ്ട്രിക്റ്റ് ജീവനക്കാരന്‍ അവധിയില്‍ പ്രവേശിച്ച സ്റ്റാഫ് അംഗമാണോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് ലെമോണ്ട്സ് പറഞ്ഞു.

മിനിയാപൊളിസ് ഹയാത്ത് റീജന്‍സിയിലെ ഒന്നിലധികം മുറികളില്‍ നിന്ന് ‘ഇലക്‌ട്രോണിക് ഉപകരണങ്ങള്‍’ കണ്ടെടുത്തതായി മിനിയാപൊളിസ് പോലീസ് വക്താവ് ജോണ്‍ എല്‍ഡര്‍ പറഞ്ഞു. സംഭവത്തില്‍ ഹോട്ടലുമായി ബന്ധപ്പെട്ട ആരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിസ്കോണ്‍സിന്‍ കോട്ടേജ് ഗ്രോവിലുള്ള ഒരു വീട്ടില്‍ സെര്‍ച്ച് വാറന്‍റ് നടപ്പാക്കാന്‍ മിനിയാപൊളിസ് പോലീസിനെ തന്‍റെ വകുപ്പ് സഹായിച്ചതായി കോട്ടേജ് ഗ്രോവ് പോലീസ് മേധാവി ഡാനിയേല്‍ ലേബര്‍ പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം സജീവമായി തുടരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

സംഭവം ഹോട്ടല്‍ അധികൃതരെ അറിയിക്കുകയും സമഗ്രമായ തിരച്ചില്‍ നടത്തുകയും ചെയ്തുവെങ്കിലും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മുറികളില്‍ സ്ഥാപിച്ചിരുന്ന ഉപകരണങ്ങളല്ലാതെ മറ്റ് ഉപകരണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഹയാത്ത് വക്താവ് വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.

അതിഥികളുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍‌ഗണന കൊടുക്കുന്നതെന്ന് ഹയാത്ത് റീജന്‍സി വക്താവ് പറഞ്ഞു. സ്ഥിതിഗതികള്‍ അറിഞ്ഞയുടനെ, ഞങ്ങള്‍ ഉടന്‍ തന്നെ പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുകയും അനധികൃത റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ക്കായി സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

മിനിയാപൊളിസ് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് സ്ഥിരീകരിച്ചതും ഹോട്ടലിന്‍റെ അന്വേഷണത്തെയും അടിസ്ഥാനമാക്കി, ഹോട്ടല്‍ ഉദ്യോഗസ്ഥര്‍ ആരും ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അന്വേഷണത്തില്‍ മിനിയാപൊളിസ് പോലീസുമായി ഹോട്ടല്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് പോലീസുമായി ബന്ധപ്പെടാവുന്നതാണെന്നും വക്താവ് പറഞ്ഞു.

സംഭവത്തില്‍ മാനസികമായോ മറ്റേതെങ്കിലും തരത്തിലോ ആഘാതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെയും കുടുംബങ്ങളെയും സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ പരിശ്രമിക്കുന്നുണ്ടെന്ന് മാഡിസണ്‍ ഈസ്റ്റ് ഹെസ്കൂളിന്‍റെ ഇടക്കാല പ്രിന്‍സിപ്പല്‍ ബ്രന്‍ഡന്‍ കീര്‍നി മാതാപിതാക്കള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനായി ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ തുടരുമെന്നും അവരെ ദ്രോഹിച്ചതിന് ഉത്തരവാദി ആരായിരുന്നാലും അവര്‍ സമാധാനം പറയേണ്ടിവരുമെന്നും കീര്‍നി പറഞ്ഞു.

മൊയ്തീന്‍ പുത്തന്‍‌ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *