ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ജന്റ് ഡീന്‍ റിയോസ് നവംബര്‍ ഒമ്പതാം തീയതി തിങ്കളാഴ്ച വെടിയേറ്റ് മരിച്ചു. ടാജ് ഇന്‍ ആന്‍ഡ് സ്യൂട്ടിനു മുന്നിലുള്ള പാര്‍ക്കിംഗ് ലോട്ടില്‍ കറുത്ത കിയാ വാഹനത്തില്‍ ഇരിക്കുന്നതിനിടയിലാണ് സര്‍ജന്റിനു വെടിയേറ്റത്. 47 വര്‍ഷത്തെ സര്‍വീസുണ്ട്. വെടിയേറ്റ ഇദ്ദേഹം ടാജ് ഇന്നിലേക്ക് ഓടിക്കയറിയെങ്കിലും അവിടെ മരിച്ചുവീഴുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-നായിരുന്നു സംഭവം. സര്‍ജന്റിനു നേരേ നിരവധി തവണ നിറയൊഴിച്ചശേഷം പ്രതി ബ്ലാക് പിക്കപ്പില്‍ കയറി രക്ഷപെടുകയായിരുന്നു. 9,12,14,17 വയസുള്ള നാലു കുട്ടികളുടെ പിതാവാണ് ഡീന്‍. ആറടിയോളം ഉയരമുള്ള രണ്ടു കൈയ്യിലും പച്ചകുത്തിയ, വൈറ്റ് ടീ ഷര്‍ട്ടും, കറുത്ത പാന്റ്‌സും ധരിച്ച ഹിസ്പാനിക്ക് യുവാവാണ് വെടിവെച്ചതെന്നു കരുതപ്പെടുന്നതായി ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
1- 45, 700 ബ്ലോക്കിലായിരുന്നു സംഭവം. പോലീസ് സംഭവ സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചു. അതുവഴി യാത്ര ചെയ്യുന്ന യാത്രക്കാരോട് യാത്ര ഒഴിവാക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിവ് ലഭിക്കുന്നവര്‍ പോലീസില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഓഫീസറാണ് ഡീന്‍.
പി.പി. ചെറിയാന്‍