വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സുഗമമായ അധികാര കൈമാറ്റത്തിന് ട്രംപ് ടീം തടസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന പരാതിയുമായി പ്രസിഡന്റ് ഇലക്ട് ജോ ബൈഡന്‍. ഡിസംബര്‍ 28 തിങ്കളാഴ്ച നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി ഏജന്‍സി ടീം അംഗങ്ങളുമായി ബൈഡന്‍ നടത്തിയ വെര്‍ച്വല്‍ മീറ്റിംഗിലാണ് ട്രംപിനെതിരേ ശക്തമായ പരാതിയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ നവംബര്‍ 23-നാണ് ജിഎസ്എയ്ക്ക് അധികാര കൈമാറ്റത്തിനുള്ള ഗ്രീന്‍ സിഗ്നല്‍ ട്രംപ് ഭരണകൂടം നല്‍കിയത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായിട്ടുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ട്രംപ് അധികാര കൈമാറ്റത്തിനുള്ള നടപടികള്‍ വൈകിപ്പിക്കുന്നതെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

എല്ലാ കോടതികളും ട്രംപിന്റെ തെരഞ്ഞെടുപ്പ് കേസുകള്‍ക്കെതിരേ മുഖംതിരിച്ചപ്പോള്‍ ജനുവരി ആറിന് നടക്കുന്ന ഇലക്ടറല്‍ വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന യുഎസ് കോണ്‍ഗ്രസിന്റെ മീറ്റിംഗ് ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് അട്ടിമറിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു. ജനുവരി 20-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുമ്പ് യുഎസ് ഹൗസും, സെനറ്റും സംയുക്തമായി ഇതുവരെ ബൈഡന് ലഭിച്ച 306- ഉം, ട്രംപിന് ലഭിച്ച 232 ഇലക്ടറല്‍ വോട്ടുകളുടേയും അടിസ്ഥാനത്തില്‍ വിജയിയെ പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതുവരെ ട്രംപ് പരാജയം പരസ്യമായി അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജനുവരി ആറിന് എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതായി വരും.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *