ന്യു യോർക്ക്: ഈശ്വരൻ എല്ലായ്പ്പോഴും സന്തോഷങ്ങൾക്കിടയിൽ മനുഷ്യന് ഒരു ചെറിയ സഹനം തരാറുണ്ട് .സഹനമില്ലെങ്കിൽ മനുഷ്യൻ തന്നത്താൻ മതിമറന്നു ദൈവത്തെ മറക്കുന്ന ഒരു സാഹചര്യം ഉണ്ടാകും.സഹനം യഥാർത്ഥത്തിൽ മുള്ളുകളല്ല പുഷ്പങ്ങളാണ് . കൊറോണാ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഈ അവസരത്തില്‍ നമ്മെത്തന്നെ പൂർണമായി ദൈവത്തില്‍ സമര്‍പ്പിക്കാന്‍ നമുക്കു കഴിയണമെന്ന് പ്രശസ്ത സാഹിത്യകാരിയും സ്ത്രീ ശാക്തീകരണത്തിന്റെ വക്താവും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. പ്രമീളാ ദേവി അഭിപ്രായപ്പെട്ടു.

ഫ്രാൻക്ലിൻ സ്‌ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആരാധനയില്‍ സംബന്ധിച്ച് പ്രസംഗിക്കുകയായിരുന്നു പതിനായിരം പരം പ്രഭാഷണങ്ങള്‍ വേദികളില്‍ പിന്നിട്ട ഈ പ്രശസ്ത കവിയിത്രി.

കുരിശിന്റെ പീഡനത്തിലേയ്ക്ക് തമ്പുരാന്‍ സ്വയം സമര്‍പ്പിച്ചത് തന്റെ പിതാവിന്റെ കൈകളില്‍ താന്‍ സുരക്ഷിതനാണ്, ആ കൈകളിലെ ഭദ്രതയിലേക്കാണു താന്‍ പോകുന്നതെന്ന തിരിച്ചറിവിലൂടെയാണ്. ഈ വഴിയേ സഞ്ചരിക്കാന്‍ നമുക്കു സാധിക്കണം. നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ ഏറ്റവും വലിയ ന്യൂനത വാക്കും ചിന്തയും തമ്മിലുള്ള അകലമാണ്. കേവലം വാക്കുകള്‍ക്കപ്പുറത്ത് ഹൃദയത്തില്‍ അനുഭവിക്കാന്‍ നമുക്കു സാധിക്കണം. ദൈവത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമുക്കു കഴിയണമെന്ന് ഡോ. പ്രമീളാ ദേവി ഊന്നിപ്പറഞ്ഞു.

കൊറോണാ വൈറസ് പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മാത്രമല്ല, ജീവിതത്തില്‍ സദാനേരവും നാം ജാഗരൂകരായിരിക്കണം- അവര്‍ ഓര്‍മ്മിപ്പിച്ചു. വൃത്തിയും ശുദ്ധിയും വെടിപ്പും അച്ചടക്കവുമൊക്കെ ആന്തരീകവും ബാഹ്യവുമായ ജീവിതചര്യയില്‍ നിലനിര്‍ത്താനുള്ള ജാഗ്രത നമുക്കുണ്ടാകണമെന്നവര്‍ ഉദ്‌ബോധിപ്പിച്ചു.

കടല്‍കടന്ന് ഇവിടെയെത്തി നേട്ടങ്ങള്‍ കൈവരിച്ചു വിജയിച്ച മഹാരഥന്മാരാണ് അമേരിക്കയിലെ മലയാളികള്‍. നിങ്ങള്‍ ഭയപ്പെടരുത്. നിങ്ങള്‍ ധീരരായി ഇരിക്കുന്നിടത്താണ് ഭാരതത്തിന്റെ അഭിമാനം, പ്രൗഢമായി ഡോ.പ്രമീളാദേവി കൂട്ടിച്ചേര്‍ത്തു.

കൊറോണയെന്നല്ല, ലോകത്തെ ബാധിക്കുന്ന മുഴുവന്‍ വ്യാധികളില്‍നിന്നും അര്‍പ്പിതമായ ജീവിതചര്യമൂലം ഈശ്വരന്‍ നമ്മെ മോചിപ്പിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ വിശ്വാസ സമൂഹത്തിന് തന്റെ ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനാജ്ഞലികള്‍ സമര്‍പ്പിച്ചുകൊണ്ടാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്.

ദേവാലയത്തില്‍ വരുവാനും പ്രസംഗിക്കാനും വിശ്വാസികളെ ഉത്‌ബോധിപ്പിക്കാനും ഡോ.പ്രമീളാ ദേവി കാട്ടിയ സന്മനസ്സിന് വികാരി റവ. ഫാദര്‍ തോമസ് പോള്‍ നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *