ഫ്‌ളോറിഡ: പൊതുപ്രവര്‍ത്തകനും സംഘാടകനുമായ സണ്ണി കൈതമറ്റം ഫോമ 2020 തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഒര്‍ലാന്റോ റീജനല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ സജീവ പിന്തുണയോടുകൂടി പ്രസിഡന്റ് ചാക്കോച്ചന്‍ ജോസഫാണ് ഒരുമ മുന്‍ പ്രസിഡന്റ് കൂടിയായ സണ്ണി കൈതമറ്റത്തിന്റെ പേര് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. നിലവില്‍ ഫോമ സണ്‍ഷൈന്‍ റീജിയന്‍ രാഷ്ട്രീയകാര്യ സമിതിയുടെ സബ് കോര്‍ഡിനേറ്ററും ഒരുമയുടെ ഉപദേശക സമിതി ചെയര്‍മാനുമാണ്. പൊതുപ്രവര്‍ത്തന രംഗത്തെ മുന്‍കാല പരിചയം ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

കോളേജ് യൂണിയന്‍ പ്രസിഡന്‍റ്, ലിയോ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്, നേച്ചര്‍ ക്ലബ്ബ് പ്രസിഡന്റ്, ഐ.ബി.എം ക്ലബ്ബ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കൈതമറ്റം. ഒര്‍ലാന്റോയിലെ കലാ സാംസ്ക്കാരിക സാമൂഹ്യക അദ്ധ്യാത്മീക രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ സണ്ണി കൈതമറ്റത്തിന്റെ നേതൃത്വത്തിലാണ് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരുമ പങ്കാളിത്വം വഹിച്ചുട്ടുള്ളത്.

കൊച്ചു കേരളത്തെ പിടിച്ചുകുലുക്കിയ കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ സണ്ണി കൈതമറ്റം നിര്‍വ്വഹിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വന്‍ വിജയമാക്കി തീര്‍ത്തത് അദ്ധേഹത്തിന്റെ ഊഷ്മളമായ സുഹൃത് ബദ്ധങ്ങള്‍ തന്നെയാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതിനായി ഏവരുടെയും സഹായവും സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവില്‍ അഡ്വെന്റ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ എം.ആര്‍. ഐ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യ്തു വരുന്നു.

ഭാര്യ ബീന. മക്കള്‍: സ്‌റ്റെഫെന, മരിയ, ക്രിസ്റ്റീന

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *