ന്യൂയോര്‍ക്ക്: 1983-ല്‍ അമേരിക്കയില്‍ എത്തി ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ വര്‍ഗീസ് പോത്താനിക്കാടിനെ ഐ.ഒ.സി കേരളാ ചാപ്റ്ററിന്റെ ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റായി നിയമിച്ചു. അമേരിക്കയില്‍ എത്തിയ കാലം മുതല്‍ സാംസ്കാരിക-സാമൂഹിക- സാമുദായിക രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളെന്ന നിലയില്‍ താന്‍ ഏറ്റെടുക്കുന്ന ദൗത്യം അങ്ങേയറ്റം വിജയിപ്പിക്കുന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ഐ.ഒ.സി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് അഭിപ്രായപ്പെട്ടു.

ന്യൂയോര്‍ക്ക് സിറ്റി ഗവണ്‍മെന്റില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, പ്രോഗ്രാം മാനേജ്‌മെന്റ് ഓഫീസര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം ചെയ്ത് ഇപ്പോള്‍ ജോലിയില്‍ നിന്നു വിരമിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദാസന കൗണ്‍സില്‍ മെമ്പര്‍, ലേ ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സാഹിത്യരംഗത്ത് അനേകം സമകാലിക പ്രസക്തമായ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2006-ല്‍ ബ്രസീലില്‍ വച്ചു നടന്ന ഡബ്ല്യു.സി.സി സമ്മേളനത്തില്‍ ലോക മാധ്യമങ്ങളോടൊപ്പം പ്രവര്‍ത്തിച്ച് മാധ്യമ രംഗത്തെ തന്റെ മികവ് തെളിയിച്ചിരുന്നു.

അവിഭക്ത ഫൊക്കാനയുടെ 2006-ലെ കണ്‍വന്‍ഷനില്‍ പബ്ലിസിറ്റി കോ- ചെയര്‍മാനായിരുന്നു. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ചിരിയരങ്ങ് എന്ന പരിപാടിക്ക് പല വര്‍ഷങ്ങളില്‍ നേതൃത്വം കൊടുത്തിട്ടുണ്ട്.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് 2008, 2018 എന്നീ വര്‍ഷങ്ങളില്‍ പ്രസിഡന്റും, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പ്രവര്‍ത്തനക്ഷമതയും സത്യസന്ധതയും മുതല്‍ക്കൂട്ടായ വര്‍ഗീസ് പോത്താനിക്കാട് ഈ നിയമനത്തിന് അങ്ങേയറ്റം അനുയോജ്യനാണെന്നു ഐ.ഒ.സി വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം പ്രസ്ഥാവിച്ചു.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *