ന്യൂയോര്‍ക്ക്: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി പ്രവാസി യുവതി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സംഘടന കേരള – കേന്ദ്ര സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പ്രസ്തുത വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പിഎംഎഫ് ആവശ്യപ്പെട്ടു .

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ, യെമനില്‍ ഒരു ക്ലീനിക് നടത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശീയനായ യുവാവിന്റെ മരണമാണ് വധശിക്ഷയിലേക്ക് എത്തിച്ചത്. യമനിലെ പ്രത്യേക സാഹചര്യത്തില്‍ കേസ് ശരിയായ രീതിയില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. യുദ്ധ സാഹചര്യമായതിനാല്‍ എംബസിയുടെ ഭാഗത്തു നിന്നും ഇടപെടാന്‍ കഴിയാത്ത സ്ഥിതി വിഷേഷമായിരുന്നു യെമന്‍ തലസ്ഥാനമായ സനയില്‍ എംബസി പ്രവര്‍ത്തന രഹിതമായിരുന്നു. താല്‍ക്കാലിക എംബസി ജിബൂട്ടിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് കേസ് നടത്തിപ്പിനെ ബാധിച്ചു അതിനാല്‍ വിധി നിമിഷയ്ക്ക് പ്രതികൂലമാവുകയും ചെയ്തു. സാമ്പത്തികമായി വളരെ കഷ്ടപെട്ട കുടുംബമായതിനാല്‍ കേസുമായി മുന്നോട്ട് പോകാന്‍ പറ്റിയിരുന്നില്ല. ഒരു ലക്ഷം ഡോളര്‍ ബ്ലഡ് മണി കൊല്ലപ്പെട്ട യമനി സഹോദരന്റെ ബന്ധുക്കള്‍ക്ക് നല്‍കുകയാണെങ്കില്‍, അവര്‍ മാപ്പ് നല്‍കിയാല്‍ വധ ശിക്ഷയില്‍ നിന്നും മോചിതയാവാന്‍ സാധ്യത ഉണ്ടെന്ന് യമനിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും അറിയാന്‍ സാധിച്ചു. മാത്രവുമല്ല അവരുടെ കുടുംബവുമായി ധാരണയിലെത്താന്‍ യമനിലെ ഇന്ത്യന്‍ സമൂഹം ശ്രമിച്ചു വരികയാണ്. 3 വര്‍ഷമായി തടവില്‍ കഴിയുന്ന നിമിഷക്ക് ഈ കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് യമന്‍ കോടതി വധശിക്ഷ വിധിച്ചത്.

പ്രായമായ അമ്മയും ഭര്‍ത്താവും ഏഴുവയസുള്ള പെണ്‍കുട്ടിയും ആണ് നിമിഷയ്ക്കുള്ളത്. യുവതിയുടെ മോചനം ലക്ഷ്യം വച്ച് ലോക കേരള സഭാംഗങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ ഫണ്ട് ശേഖരണത്തിന് ഒരു ആക്ഷന്‍ കമ്മിറ്റിയും നിലവില്‍ വന്നിട്ടുണ്ട്. ഇത് ആശ്വാസകരമാണ്. കേന്ദ്ര വിദേശ മന്ത്രാലയം അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കണം. കേരള സര്‍ക്കാരിന്‍റെ നോര്‍ക്ക കേന്ദ്ര വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പാര്‍ലമെന്‍റ് അംഗങ്ങളും രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണം. ബഹുജന സമ്മര്‍ദ്ദം ഉയര്‍ത്തുവാന്‍ മുഴുവന്‍ സംഘടനകളോടും പ്രസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായി പി എം എഫ് ഗ്ലോബല്‍ പ്രസിഡന്റ് എം.പി സലീം, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട്, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം എന്നിവര്‍ സംയുക്ത പത്ര പ്രസ്താവനയില്‍ അറിയിച്ചു.

പി.പി ചെറിയാന്‍ (പിഎംഎഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

By admin

Leave a Reply

Your email address will not be published. Required fields are marked *