ന്യൂയോര്‍ക്ക്: ക്രിസ്മസ് ഹോളിഡേ സീസണ് തുടക്കം കുറിച്ചു കൊണ്ട് മന്‍ഹട്ടനിലെ റോക്ക് ഫെല്ലര്‍ പ്ലാസയില്‍ ഇത്തവണയും ക്രിസ്മസ് ട്രീ പ്രകാശിപ്പിച്ചു. എന്നാല്‍ പതിവിന് വിപരീതമായി കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കലാപ്രതിഭകളായ കെല്ലി ക്ലാര്‍ക്സണ്‍, ഗവന്‍ സ്റ്റെഫനി, ഡോളി പാട്രണ്‍ തുടങ്ങിയവര്‍ അരങ്ങേറിയ ചടങ്ങ് എന്‍.ബി.സി. ടിവി ചാനല്‍ തല്‍സമയ സംപ്രഷണം നടത്തിയിരുന്നു.
ന്യൂയോര്‍ക്ക് സിറ്റി സന്ദര്‍ശിക്കുന്നവരുടെ പ്രധാന ആകര്‍ഷങ്ങളിലൊന്നാണ് ഈ ക്രിസ്മസ് ട്രീ. മുന്‍ വര്‍ഷങ്ങളില്‍ പ്രതിദിനം ഏതാണ്ട് 80000 ഓളം പേര്‍ ട്രീ സന്ദര്‍ശിക്കാനെത്തിയിരുന്നു.
ഇത് 88-ാം തവണയാണ് റോക്ക് ഫെല്ലര്‍ പ്ലാസയില്‍ ക്രിസ്മസ് ട്രീ തെളിയിക്കുന്നത്. ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്ന ഈ ചടങ്ങ് 1931ലാണ് ആരംഭിച്ചത്.
ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും 170 മൈല്‍ അകലെ ഒണിയാണ്‍ടയില്‍ നിന്നാണ് ഇത്തവണത്തെ ട്രീ കൊണ്ടു വന്നത്. 75 അടി ഉയരവും 45 അടി വീതിയും 11 ടണ്‍ ഭാരവുമുള്ള ഈ ടീക്ക് ഏതാണ്ട് 75 വര്‍ഷം പ്രായവും കണക്കാക്കപ്പെടുന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള 50000ലധികം എല്‍.ഇ.ഡി. ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ട്. ഏറ്റവും മുകളിലുള്ള മൂന്ന് മില്യണ്‍ ക്രിസ്റ്റലുകള്‍ കൊണ്ട് നിര്‍മ്മിച്ച 9 അടി വീതിയുള്ള നക്ഷത്രം ഏറെ മാറ്റു കൂട്ടുന്നു.
പുതുവര്‍ഷം ജനുവരി ആദ്യവാരം വരെ രാവിലെ 6 മുതല്‍ രാത്രി 12 വരെ ട്രീ പ്രകാശിച്ചു കൊണ്ടിരിക്കും. ക്രിസ്മസ് ദിനത്തില്‍ മുഴുവന്‍ സമയവും ബള്‍ബുകള്‍ പ്രകാശിക്കും.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് ഇത്തവണ വെര്‍ച്ച്വല്‍ ക്യൂസിസ്റ്റം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ബ്ബന്ധവുമുണ്ട്.
1999-ല്‍ ഉയര്‍ത്തിയ 100 അടി ഉയരമുള്ള ക്രിസ്മസ് ട്രീയായിരുന്നു റോക്ക്ഫെല്ലര്‍ പ്ലാസയില്‍ ഉയര്‍ത്തിയ ഏറ്റവും വലിയ ക്രിസ്മസ് ടീ. കണക്ടിക്കട്ടിലെ കില്ലിംഗ് വര്‍ത്തില്‍ നിന്നാണ് അത് കൊണ്ട് വന്നത്.
മന്‍ഹട്ടനിലെ 49, 50 എന്നീ സ്ട്രീറ്റുകള്‍ക്കും 5, 6 അവന്യുകള്‍ക്കും ഇടയിലാണ് റോക്ക് ഫെല്ലര്‍ പ്ലാസ സ്ഥിതി ചെയ്യുന്നത്.
ഗീവര്‍ഗീസ് ചാക്കോ