വാഷിംഗ്ടണ്‍: ചൊവ്വാഴ്ച പുലര്‍ച്ചെ യു എസ് സംസ്ഥാനമായ ടെന്നസിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 22 പേര്‍ മരിച്ചു. നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നു.
അര്‍ദ്ധരാത്രിക്ക് ശേഷം വീശിയടിച്ച ചുഴലിക്കാറ്റ് സംസ്ഥാന തലസ്ഥാനമായ നാഷ്‌വില്ലിലുടനീളം നാശം വിതച്ചു. പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. വൈദ്യുതി ലൈന്‍ പുനഃസ്ഥാപിക്കാന്‍ ജീവനക്കാര്‍ കഠിനപ്രയത്നം ചെയ്യുകയാണ്.
വളരെ അപകടകരമായ കൊടുങ്കാറ്റാണിതെന്നും, ജനങ്ങള്‍ എത്രയും പെട്ടെന്ന് സുരക്ഷാ മാര്‍ഗങ്ങള്‍ തേടണമെന്നും ഷെല്‍ട്ടറുകളില്‍ അഭയം പ്രാപിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്തു.
വാഹനങ്ങള്‍ കൂട്ടിയിടിച്ച് കൂമ്പാരമായതായും, നാഷ്‌വില്ല ജോണ്‍ സി ട്യൂണ്‍ വിമാനത്താവളത്തില്‍ ഡസന്‍ കണക്കിന് വിമാനങ്ങള്‍ പരസ്പരം ഇടിച്ച് തകര്‍ന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എത്രയും പെട്ടെന്ന് തിരച്ചില്‍ നടത്താന്‍ രക്ഷാപ്രവര്‍ത്തന സംഘങ്ങളെ വിന്യസിക്കുകയും, സംസ്ഥാനത്തുടനീളം ഷെല്‍ട്ടറുകള്‍ തുറക്കുകയും, ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അടിയന്തിരമായി ഉദ്യോഗസ്ഥരെ അയയ്ക്കുമെന്നും ഗവര്‍ണര്‍ ബില്‍ ലീ ട്വിറ്ററില്‍ കുറിച്ചു.
ട്രാക്ടര്‍ ട്രെയിലറുകളും മറ്റ് വാഹനങ്ങളും സംസ്ഥാന ഹൈവേകളില്‍ തകര്‍ന്നടിഞ്ഞതായി നാഷ്‌വില്ലെ അഗ്നിശമന വകുപ്പ് ട്വീറ്റ് ചെയ്തു.
‘ഞങ്ങള്‍ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണ്. ഈ ദുഷ്കരമായ സമയത്ത് ഫെഡറല്‍ സര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ട്,’പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
ടെന്നസിയിലൂടെ കടന്നുപോയ കൊടുങ്കാറ്റ് ‘നിരവധി കൗണ്ടികളിലെ കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, യൂട്ടിലിറ്റികള്‍, ബിസിനസുകള്‍ എന്നിവയ്ക്ക് വലിയ നാശനഷ്ടമുണ്ടാക്കിയെന്ന് ടെന്നസി എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (ടെമ) പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മാഗി ഹന്നന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. നാല് കൗണ്ടികളിലായി 22 പേര്‍ മരിച്ചതായും അവര്‍ പറഞ്ഞു.
നഗരത്തിലെ ഈസ്റ്റ് നാഷ്‌വില്ലെ പരിസരത്ത് താമസക്കാരനായ ഡേവിഡ് ഹാസ്കല്‍, ഫോണിലെ അപായ അലാറം ലഭിച്ചയുടനെ താനും ഭാര്യയും കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ഷെല്‍ട്ടറിലേക്ക് കുതിച്ചതായും, പത്ത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ വീട് പൊട്ടിത്തെറിക്കുകയും മതിലുകളും മേല്‍ക്കൂരയും പാടെ തകര്‍ന്നു വീണതായും പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
47,000 ത്തിലധികം ഉപഭോക്താക്കള്‍ വൈദ്യുതിയില്ലാത്തവരായെന്ന് നാഷ്‌വില്ലെ ഇലക്ട്രിക് റിപ്പോര്‍ട്ട് ചെയ്തു.
നിര്‍ണായക സൂപ്പര്‍ ചൊവ്വാഴ്ച പ്രെെമറിയില്‍ വോട്ടുചെയ്യുന്ന 14 സംസ്ഥാനങ്ങളില്‍ ഒന്നാണ് ടെന്നസി. ഈ വോട്ടെടുപ്പാണ് നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് നോമിനിയെ നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നത്.
15 പോളിംഗ് സ്റ്റേഷനുകള്‍ക്ക് കൊടുങ്കാറ്റില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും, ഇത് മൊത്തം 10 ശതമാനത്തില്‍ താഴെയാണെന്നും മേയർ ജോൺ കൂപ്പർ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചുഴലിക്കാറ്റ് കേടുപാടുകള്‍ കാരണം നാഷ്‌വില്ലെയിലും വിത്സണ്‍ കൗണ്ടിയിലും ഒരു മണിക്കൂര്‍ വൈകിയാണ് വോട്ടിംഗ് ആരംഭിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെന്നസിയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഹൃദയവേദനയോടെയാണ് കാണുന്നതെന്ന് ന്യൂയോര്‍ക്ക് മുന്‍ മേയര്‍ മൈക്ക് ബ്ലൂംബെര്‍ഗ് ട്വീറ്റ് ചെയ്തു.
അതേസമയം, മസാച്യുസെറ്റ്സ് സെനറ്റര്‍ എലിസബത്ത് വാറന്‍ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അനുശോചനമറിയിച്ചു.
‘ഞാന്‍ നെഞ്ചിടിപ്പോടെയാണ് വാര്‍ത്ത ശ്രവിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു,’ നാഷ്‌വില്ലില്‍ ജനിച്ചു വളര്‍ന്ന ഹോളിവുഡ് നടി റീസ് വിഥെര്‍സ്പൂണ്‍ പറഞ്ഞു. അമേരിക്കയിലെ സംഗീത ലോകത്തിന്റെ പ്രഭവ കേന്ദ്രമായാണ് നാഷ്‌വില്ലെ അറിയപ്പെടുന്നത്.
മൊയ്തീന്‍ പുത്തന്‍ചിറ