ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയനിലുള്ള ഇടവക മിഷന്‍, സേവികാ സംഘം, സീനിയര്‍ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഒന്‍പതാമത് റീജിയണല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
മാര്‍ച്ച് 6, 7 തീയതികളില്‍ ( വെള്ളി,ശനി) ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ വച്ചാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. ഹൂസ്റ്റൺ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയിലെ ഇടവക മിഷന്‍, സേവികാ സംഘം, സീനിയര്‍ ഫെല്ലോഷിപ്പ് എന്നീ സംഘടനകളാണ് കോണ്‍ഫറന്‍സിനു ആതിഥേയത്വം വഹിക്കുന്നത്. ‘Share the Word, Save the World’ ( 1 Cor 9:23) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഗഹനമായ പഠനങ്ങളും ചര്‍ച്ചകളും നടത്തപ്പെടും.
പ്രമുഖ വേദചിന്തകനായ റവ. തോമസ് മാത്യു പി. (വികാരി, ഡാളസ് കാരോള്‍ട്ടന്‍ മാര്‍ത്തോമാ ഇടവക) പ്രമുഖ കാർഡിയോളജിസ്റ്റും
അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകനുമായ ഡോ.വിനൊ. ജെ. ഡാനിയേല്‍ (ഫിലാഡല്‍ഫിയ) എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കും.
ഹൂസ്റ്റണ്‍, ഡാളസ്, ഓസ്റ്റിന്‍, ഒക്ലഹോമ, ലബ്ബക്ക്, മക്കാലന്‍, സാന്‍ അന്റോണിയോ എന്നീ സ്ഥലങ്ങളിലെ ഇടവകകള്‍ ചേര്‍ന്നതാണ് സൗത്ത് വെസ്റ്റ് റീജിയന്‍. കോൺഫറൻസിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റികൾ പ്രവര്‍ത്തിച്ചു വരുന്നു.
വിവിധ ഇടവകകളില്‍ നിന്നായി 450ല്‍ പരം പ്രതിനിധികള്‍ ഈ കോണ്ഫറന്‍സില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്നും ഭാരവാഹികള്‍ അറിയിച്ചു.
മീഡിയ കണ്‍വീനര്‍ ബിജു.ടി. മാത്യു അറിയിച്ചതാണിത്.
ജീമോന്‍ റാന്നി