49-ാമത് ന്യൂയോര്‍ക്ക് സിറ്റി മാരത്തണില്‍ കെനിയന്‍ ആധിപത്യം. പുരുഷ – വനിത വിഭാഗങ്ങളിലെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കെനിയന്‍ താരങ്ങള്‍ സ്വന്തമാക്കി.
പുരുഷ വിഭാഗത്തില്‍ ജിയോഫെറി കാംവെറൂര്‍ 2 മണിക്കൂര്‍ എട്ട് മിനിറ്റ് പതിമൂന്ന് സെക്കന്‍ഡില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ കെനിയയുടെ തന്നെ ആല്‍ബര്‍ട്ട് കൊറിര്‍ 23 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്ന് വര്‍ഷത്തിനുള്ളില്‍ കാംവെറൂറിന്‍റെ രണ്ടാം ന്യൂയോര്‍ക്ക് സിറ്റി മാരത്തണ്‍ കിരീടമാണിത്. മാരത്തണ്‍ ചരിത്രത്തില്‍ രണ്ടു തവണ കിരീടം നേടിയ പത്താമത്തെ കായികതാരവും.
കഴിഞ്ഞ വര്‍ഷത്തെ പുരുഷ വിഭാഗം ജേതാവായ എത്തിയോപ്പയുടെ ലലീസ ഡിസീസ മാരത്തണിന്‍റെ 7-ാമത്തെ മൈലില്‍ മത്സരം ഉപേക്ഷിച്ചു.
വനിത വിഭാഗത്തില്‍ കെനിയയുടെ ജോയിസിലിന്‍ ജെപ്പോസ്ഗി രണ്ട് മണിക്കൂര്‍ 22 മിനിട്ട് 38 സെക്കന്‍ഡില്‍ മാരത്തണ്‍ നേടി. 2001-ന് ശേഷം വനിത വിഭാഗം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഈ ഇരുപത്തഞ്ചുകാരി. നാലു തവണ ന്യൂയോര്‍ക്ക് സിറ്റി മാരത്തണ്‍ ജേതാവായ കെനിയന്‍ താരം മേരി കെയ്റ്റിനിക്കാണ് രണ്ടാം സ്ഥാനം. ജെപ്പോസ്ഗിയെക്കാള്‍ 54 സെക്കന്‍ഡ് പിന്നിലാണ് മേരി ഫിനീഷ് ചെയ്തത്.
ഒന്നാം സ്ഥാനം നേടിയ കാംവെറൂറിനും ജൊപ്പോസ്ഗിക്കും 100000 ഡോളര്‍ വീതം സമ്മാനതുക ലഭിക്കും.
പുരുഷ – വനിത വിഭാഗങ്ങളിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ആതിഥേയരായ അമേരിക്കയുടെ താരങ്ങള്‍ക്ക് ഇടം നേടാന്‍ കഴിഞ്ഞില്ല. അമേരിക്കയുടെ ഒളിമ്പിക് താരങ്ങളായ ജെറേഡ് വാര്‍ഡുംം, ഡെസ് ലിന്‍ഡറും പുരുഷ – വനിത വിഭാഗത്തില്‍ ആറാം സ്ഥാനക്കാരായി.
വീല്‍ ചെയര്‍ വിഭാഗത്തില്‍ അമേരിക്കയുടെ ഡാനിയേല്‍ റോമന്‍ചക്ക് തുടര്‍ച്ചയായ രണ്ടാം തവണയും ഒന്നാം സ്ഥാനത്തെത്തി (1:37:24). വീല്‍ ചെയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ അമേരിക്കക്കാരനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ഈ 21കാരന്‍. വനിതകളുടെ വിഭാഗത്തില്‍ സ്വിസ് വനിത മാനുവേല സചാര്‍ ഒന്നാം സ്ഥാനം നേടി. (1:44:20)
125 രാജ്യങ്ങളില്‍ നിന്നായി 50,000ലധികം കായിക താരങ്ങള്‍ 26.2 മൈല്‍ ദൈര്‍ഘ്യമുള്ള മാരത്തണില്‍ പങ്കെടുത്തു.
സ്റ്റാറ്റിന്‍ ഐലന്‍റില്‍ നിന്നും ആരംഭിച്ച് ബ്രൂക്ക്ലിന്‍, ക്യൂന്‍സ്, ബ്രോങ്ക്സ് എന്നീ സിറ്റികളിലൂടെ കടന്ന് മന്‍ഹട്ടനിലെ സെന്‍റര്‍ പാര്‍ക്കിലാണ് ഫിനിഷ് ചെയ്തത്. ഏതാണ്ട് ഒരു മില്യനോളം പേര്‍ മാരത്തണ്‍ വീക്ഷിക്കാന്‍ എത്തിയിരുന്നതായി കണക്കാക്കപ്പെടുന്നു.
ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരുന്നത്. ആയിരക്കണക്കിന് പോലീസ് ഓഫീസര്‍മാരെ കൂടാതെ ഹെലികോപ്റ്ററുകളും ഡ്രോണുകളും പോലീസ് ബോട്ടുകളും ഉപയോഗിച്ചിരുന്നു.
പ്രമുഖ ഗ്ലോബല്‍, ഐ.ടി. സര്‍വ്വീസ് ബിസിനസ് സംരംഭമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് (TCS) ആയിരുന്നു മാരത്തണിന്‍റെ പ്രധാന പങ്കാളിയും സ്പോണ്‍സറും.
ഗീവറുഗീസ് ചാക്കോ