ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ പുതുവര്‍ഷത്തില്‍ 28 ജുഡീഷ്യല്‍ നിയമനങ്ങളും പുനര്‍ നിയമനങ്ങളും നടത്തി. ഇതില്‍ ഒരു പുതിയ നിയമനവും നാല് പുനര്‍നിയമനങ്ങളും കുടുംബ കോടതിയിലേക്കും; ആറ് പുതിയ നിയമനങ്ങളും പത്ത് പുനര്‍നിയമനങ്ങളും ക്രിമിനല്‍ കോടതിയിലേക്കും; മൂന്ന് പുതിയ നിയമനങ്ങളും നാല് പുനര്‍നിയമനങ്ങളും സിവില്‍ കോടതിയിലേക്കുമാണ്. സിവില്‍ കോടതിയില്‍ നിയമിക്കപ്പെട്ട അല്ലെങ്കില്‍ പുനര്‍നിയമിക്കപ്പെട്ട ജഡ്ജിമാര്‍ കുടുംബ കോടതിയിലോ ക്രിമിനല്‍ കോടതിയിലോ ഇരിക്കും. നിയമനങ്ങള്‍ 2020 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

‘ഈ നിയമനം ലഭിച്ചവര്‍ ന്യൂയോര്‍ക്കുകാരെ അഭിമാനത്തോടെ പ്രതിനിധീകരിക്കുകയും കോടതികളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുകയും ചെയ്യും,’ മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. ‘എല്ലാവര്‍ക്കുമായി ഞങ്ങള്‍ ഒരു മികച്ച നഗരം സൃഷ്ടിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് അവരുടെ സേവനം അനിവാര്യമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബം, ക്രിമിനല്‍, സിവില്‍ കോടതി എന്നിവ ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിഫൈഡ് കോടതി സംവിധാനത്തിന്‍റെ ഭാഗമാണ്. ദത്തെടുക്കല്‍, വളര്‍ത്തു പരിചരണം, രക്ഷാകര്‍തൃത്വം, കസ്റ്റഡി, സന്ദര്‍ശനം, ഗാര്‍ഹിക പീഡനം, കുട്ടികളെ ദുരുപയോഗം ചെയ്യുകയോ അവഗണിക്കുകയോ ചെയ്യുക, കുട്ടികളുടെ കുറ്റവാസന എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഫാമിലി കോടതി ജഡ്ജിമാര്‍ കേള്‍ക്കുന്നു. നഗരത്തിലെ ക്രിമിനല്‍ കോടതി ശിക്ഷാര്‍ഹമായ പെരുമാറ്റം കുറ്റകൃത്യം മുതലായവയും, കുറഞ്ഞ കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യും. കൂടാതെ കുറ്റം ചുമത്തുകയും ചെയ്യുന്നു. സിവില്‍ കോടതിയിലേക്ക് പുതുതായി നിയമിതരായ മൂന്ന് ജഡ്ജിമാരില്‍ രണ്ടുപേര്‍ ക്രിമിനല്‍ കോടതിയിലും ഒരാള്‍ കുടുംബ കോടതിയിലും ഇരിക്കും.

നിയമനം ലഭിച്ച രണ്ടു പേര്‍ ഇന്ത്യന്‍-അമേരിക്കന്‍ ജഡ്ജിമാരാണ്. അര്‍ച്ചന റാവു ക്രിമിനല്‍ കോടതിയിലേക്കും, ദീപ അംബേക്കര്‍ സിവില്‍ കോടതിയിലേക്കുമാണ് നിയമിതരായത്.

2019 ജനുവരിയിലാണ് ആദ്യമായി ജഡ്ജി അര്‍ച്ചന റാവു ഒരു ഇടക്കാല സിവില്‍ കോടതി ജഡ്ജിയായി നിയമിതയായത്. അന്നുമുതല്‍ അവര്‍ ക്രിമിനല്‍ കോടതിയില്‍ സേവനമനുഷ്ഠിക്കുന്നു. നിയമനത്തിന് മുമ്പ്, ന്യൂയോര്‍ക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച അവര്‍ അടുത്തിടെ ഫിനാന്‍ഷ്യല്‍ ഫ്രൗഡ് ബ്യൂറോയുടെ ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചു. വാസര്‍ കോളേജില്‍ നിന്ന് ബിരുദമെടുത്ത അവര്‍ ഫോര്‍ഡാം യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലോയില്‍ നിന്ന് ജെഡി നേടി.

2018 മെയ് മാസത്തിലാണ് ജഡ്ജി ദീപ അംബേക്കര്‍ ഇടക്കാല സിവില്‍ കോടതി ജഡ്ജിയായി നിയമിതയായത്. ക്രിമിനല്‍ കോടതിയില്‍ സേവനമനുഷ്ഠിക്കുന്നു. നിയമനത്തിന് മുമ്പ്, ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ സീനിയര്‍ ലെജിസ്ലേറ്റീവ് അറ്റോര്‍ണിയായും പൊതുസുരക്ഷാ സമിതിയിലെ കൗണ്‍സിലായും സേവനമനുഷ്ഠിച്ചു. ജഡ്ജി അംബേക്കര്‍ ക്രിമിനല്‍ ഡിഫന്‍സ് ഡിവിഷനിലെ ലീഗല്‍ എയ്ഡ് സൊസെറ്റിയില്‍ സ്റ്റാഫ് അറ്റോര്‍ണിയായും സേവനമനുഷ്ഠിച്ചു. മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദധാരിയായ അവര്‍ റട്ജേഴ്സ് ലോ സ്കൂളില്‍ നിന്ന് ജെ.ഡി. കരസ്ഥമാക്കി.

മൊയ്തീന്‍ പുത്തന്‍‌ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *