ന്യൂജെഴ്സി: ഹിന്ദു ദേവനായ ഗണേഷിന്റെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പെട്ടെന്നു തന്നെ പിന്‍വലിക്കണമെന്ന് ക്ലിഫ്ടണ്‍ (ന്യൂജേഴ്സി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മ്മാണ കമ്പനിയായ കസ്റ്റമണിനോട് യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് ആവശ്യപ്പെട്ടു. ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന പ്രസ്തുത ഉല്പന്നം എത്രയും വേഗം പിന്‍‌വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗണപതി ഹിന്ദുമതത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നതാണെന്നും, ക്ഷേത്രങ്ങളിലോ വീടുകളിലെ പൂജാമുറികളിലോ ആരാധനാലയങ്ങളിലോ ആരാധിക്കപ്പെടേണ്ടതാണെന്നും, ഒരാളുടെ അടിവസ്ത്രം അലങ്കരിക്കരുതെന്നും രാജന്‍ സെഡ് ഇന്ന് നെവാഡയില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. വാണിജ്യപരമായോ മറ്റു മാര്‍ഗങ്ങളിലോ ഹിന്ദു ദേവതകളുടെയോ സങ്കല്‍പ്പങ്ങളുടെയോ ചിഹ്നങ്ങളുടെ അനുചിതമായ ഉപയോഗം ഭക്തരെ വേദനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പിന്‍വലിക്കുന്നതിനോടൊപ്പം ഔപചാരികമായി ക്ഷമാപണം നടത്താനും കസ്റ്റമണിനോട് രാജന്‍ സെഡ് അഭ്യര്‍ത്ഥിച്ചു.

1.1 ബില്യണ്‍ അനുയായികളും സമ്പന്നമായ ദാര്‍ശനിക ചിന്തയുമുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയതും മൂന്നാമത്തേതുമായ മതമാണ് ഹിന്ദു മതം. ആ മതത്തെ നിസ്സാരമായി കാണരുത്. വലുതോ ചെറുതോ ആയ ഏതെങ്കിലും വിശ്വാസത്തിന്‍റെ ചിഹ്നങ്ങള്‍ തെറ്റായി കൈകാര്യം ചെയ്യരുത്, രാജന്‍ സെഡ് അഭിപ്രായപ്പെട്ടു.

ഹിന്ദു ദേവതകളെ നിസ്സാരവല്‍ക്കരിക്കുന്നത് ഹിന്ദുക്കളെ അസ്വസ്ഥമാക്കുന്നുവെന്നും സെഡ് പറഞ്ഞു. ഹിന്ദുക്കള്‍ സ്വതന്ത്രമായ, കലാപരമായ ആവിഷ്കാരത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മറ്റാരേക്കാളും പിന്നിലല്ല. എന്നാല്‍ വിശ്വാസം പവിത്രമായ ഒന്നാണ്. അതിനെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ വിശ്വാസികളെ വേദനിപ്പിക്കും, സെഡ് കൂട്ടിച്ചേര്‍ത്തു.

ഹിന്ദു മതത്തില്‍, ഗണപതിയെ ജ്ഞാനത്തിന്‍റെ ദേവനായും പ്രതിബന്ധങ്ങള്‍ നീക്കുന്നവനായും ആരാധിക്കപ്പെടുന്നു. എത്ര വലിയ സംരംഭമായാലും അതിന് ആരംഭം കുറിക്കുന്നതിനു മുന്‍പായി ഈ ദേവനെ ധ്യാനിക്കുന്നു.

സ്ത്രീകള്‍ക്ക് അണിയാന്‍ ഗണേഷ് തോംഗ്, ഗണേഷ് പാന്‍റി എന്നിവയ്ക്ക് 18.64 ഡോളര്‍ വീതമാണ് വിലയിട്ടിരിക്കുന്നത്. ഗണേഷ് തോംഗ് ധരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ‘സെക്സി’ ആകാന്‍ കഴിയും എന്നാണ് പ്രൊഡക്റ്റ് വിവരങ്ങളില്‍ കൊടുത്തിരിക്കുന്നത്. കസ്റ്റം ടീ ഷര്‍ട്ട് ഡിജിറ്റല്‍ പ്രിന്‍റിംഗ്, എംബ്രോയിഡറി സേവനങ്ങളില്‍ പ്രമുഖരെന്ന് അവകാശപ്പെടുന്ന ‘കസ്റ്റമണിന്’ മറ്റൊരു ഓഫീസ് ന്യൂജെഴ്സിയിലെ ഈറ്റന്‍‌ടൗണിലുണ്ട്. ടീ ഷര്‍ട്ടുകള്‍, ടാങ്ക് ടോപ്പുകള്‍, ഹൂഡികള്‍, സ്വെറ്റ് ഷര്‍ട്ടുകള്‍, തൊപ്പികള്‍, അടിവസ്ത്രം, ഫോണ്‍ കേസുകള്‍, മഗ്ഗുകള്‍ തുടങ്ങിയവ ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ പെടുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *