ന്യുയോർക്ക്: മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ തന്റെ ജീവിത സമർപ്പണത്തിലൂടെ വിശ്വാസത്തെയും, പാരമ്പര്യത്തെയും കാത്തുസൂക്ഷിക്കുകയും, നിശ്ചയ ദാർഢ്യത്തോടെ സഭയെ കെട്ടുപണി ചെയ്യുകയും, തന്റെ ദീനാനുകമ്പയിലൂടെ അശരണരെയും, പാർശ്വവൽകരിക്കപ്പെട്ടവരുടെയും തോഴനായ മഹത് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 25 ഞായറാഴ്ച്ച വൈകിട്ട് ന്യുയോക്ക് സമയം 8 മണിക്ക് നടത്തപ്പെട്ട അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ് ഡോ.മാർ ഫിലക്സിനോസ്. ആഗോള സഭകളുടെ എക്ക്യൂമെനിക്കൽ രംഗത്ത് ഒരു തീരാനഷ്ടം ആണ് ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ വേർപാട് മൂലം സംഭവിച്ചിരിക്കുന്നത് എന്ന് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ പലരും ചൂണ്ടികാട്ടി.
സമ്മേളനത്തിൽ ഡോ.സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത (മലങ്കര ഓർത്തഡോക്സ് സഭ), ആർച്ച് ബിഷപ് എൽദോ മാർ തീത്തോസ് (സിറിയൻ ഓർത്തഡോക്സ് ചർച്ച്), ബിഷപ് മാർ ജോയ് ആലപ്പാട്ട് (സിറോ മലബാർ കാതലിക്ക് ചർച്ച്), ബിഷപ് ജോൺസി ഇട്ടി (എപ്പിസ്കോപ്പൽ ചർച്ച്), ബിഷപ് പീറ്റർ ഈറ്റൺ (സൗത്ത് ഫ്ലോറിഡ എപ്പിസ്കോപ്പൽ ഡയോസിസ്) എന്നീ ബിഷപ്പുമാർ വിവിധ സഭകളെ പ്രതിനിധാനം ചെയ്ത് സംസാരിച്ചു.
ജിം വിൻക്ലെർ (സെക്രട്ടറി, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ്), റവ.ഡോ.മാർട്ടിൻ അൽഫോൻസ് (മെതഡിസ്റ്റ് ചർച്ച്), റവ.സജീവ് സുഗു (സി എസ് ഐ), സെനറ്റർ കെവിൻ തോമസ് (ന്യൂയോർക്ക്), മേയർ സജി ജോർജ് (സണ്ണിവെയിൽ), ആനി മാത്യൂസ് യൂന്നെസ് (കൊച്ചു മകൾ, ബിഷപ് സ്റ്റാൻലി ജോൺസ്), റവ.എം.പി യോഹന്നാൻ (മുൻ വൈദീക ട്രസ്റ്റി), റവ.സജു പാപ്പച്ചൻ (മുൻ സെക്രട്ടറി, ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത), റവ.ഷിബി എബ്രഹാം (വികാർ, സൗത്ത് ഫ്ലോറിഡ), ഫിലിപ്പ് തോമസ് സിപിഎ (ഭദ്രാസന ട്രഷറാർ), നിർമ്മല എബ്രഹാം (മെംബർ,സഭാ കൗൺസിൽ), ഡോ.ജോ മാത്യു ജോർജ് (മെംബർ, ഭദ്രാസന കൗൺസിൽ) എന്നിവർ വിവിധ സംഘടനകളെയും, സഭയെയും പ്രതിനിധികരിച്ച് അനുശോചനം അറിയിച്ചു.
വികാരി ജനറൽ റവ.ഡോ.ചെറിയാൻ തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള സ്വാഗതവും, ഭദ്രാസന പ്രോഗ്രാം മാനേജർ റവ.ഡോ.ഫിലിപ്പ് വർഗീസ് നന്ദിയും രേഖപ്പെടുത്തി. റവ.തോമസ് ജോസഫിന്റെ (വികാർ, ഒക്ലഹോമ) പ്രാർത്ഥനയോടും ബിഷപ് ഡോ.മാർ ഫിലക്സിനോസിന്റെ ആശിർവാദത്തോടും കൂടി സമ്മേളനം സമാപിച്ചു.
സമ്മേളനം ഡോ.മാത്യു ടി.തോമസ് എംസിയായി നിയന്ത്രിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ നടത്തപ്പെട്ട സമ്മേളനത്തിൽ യൂട്യൂബിലൂടെയും, വെബ് സൈറ്റിലൂടെയും അനേകർ ഏകദേശം മൂന്ന് മണിക്കൂറിൽ കൂടുതൽ നീണ്ട സമ്മേളനത്തിൽ പങ്കെടുത്തത് കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായോടുള്ള ആദരത്തിന്റെ പ്രതീകമായി വിലയിരുത്തപ്പെടുന്നു.
ഷാജീ രാമപുരം