ബാള്‍ട്ടിമോര്‍: ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയുടെ കീഴില്‍ ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ ഇടവകയില്‍ നിന്നുള്ള ഡീക്കന്‍ മെല്‍വിന്‍ പോള്‍ മംഗലത്തിന്റെ തിരുപ്പട്ടസ്വീകരണം മെയ് 16 ശനിയാഴ്ച്ച രാവിലെ പത്തരമണിക്ക് (ന്യൂയോര്‍ക്ക് സമയം പതിനൊന്നര) ചിക്കാഗോയില്‍ നടക്കും. മെയ് 30 ന് ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫോറോനാ ദേവാലയത്തില്‍ നിരവധി ആള്‍ക്കാരുടെ സാന്നിദ്ധ്യത്തില്‍ വളരെ ആഘോഷമായി നടത്താനിരുന്ന തിരുപ്പട്ടശുശ്രൂഷയാണ് കൊറോണാ വൈറസ്മൂലം സംജാതമായിരിക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് ചിക്കാഗോ മാര്‍ തോമാശ്ലീഹാ കത്തീഡ്രലില്‍ വച്ചു പ്രൈവറ്റായി നടത്താന്‍ പുന:ക്രമീകരിച്ചിരിക്കുന്നത്.

മെയ് 16 നു ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കൈവപ്പു ശുശ്രൂഷയിലൂടെ ഡീക്കന്‍ മെല്‍വിന്‍ പോള്‍ തിരുപ്പട്ടം എന്ന കൂദാശ സ്വീകരിക്കും. കുടുംബാംഗങ്ങളും, ബാള്‍ട്ടിമോര്‍ ഇടവക വികാരി റവ. ഫാ. വിസണ്‍ ആന്റണി, രൂപതാ വൊക്കേഷന്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ ചാലിശേരി, ഗായകര്‍ എന്നിവരുള്‍പ്പെടെ പത്തില്‍താഴെമാത്രം ആള്‍ക്കാരാവും ചടങ്ങില്‍ പങ്കെടുക്കുക. വളരെ നാളുകളായി പ്രാര്‍ത്ഥനയിലൂന്നി ഈ മംഗളകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ കാത്തിരുന്നവര്‍ക്കായി ശാലോം ടി. വി. തിരുപ്പട്ടസ്വീകരണത്തിന്റെ തല്‍സമയ സംപ്രേഷണം ക്രമീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.

കോട്ടയം ജില്ലയിലെ എരുമേലി ഫാത്തിമാസദനം (മംഗലത്ത്) പോള്‍, ഡോളി ദമ്പതികളുടെ രണ്ടുമക്കളില്‍ മൂത്തമകനാണ് ഡീക്കന്‍ മെല്‍വിന്‍. 1992 സെപ്റ്റംബര്‍ 11 -ന് അമ്മയുടെ സ്വദേശമായ ചെങ്ങളത്തു ജനിച്ച മെല്‍വിന്റെ ബാല്യകാലവും, പ്രാഥമിക വിദ്യാഭ്യാസവും ബാംഗ്ലൂര്‍ സെ. ആന്‍സ് സ്കൂളിലായിരുന്നു. ആറാമത്തെ വയസില്‍ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തിയ മെല്‍വിന്‍ സ്കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ബാള്‍ട്ടിമോറിലായിരുന്നു.

മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും, ബന്ധുമിത്രാദികളുടെയും ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെ സഫലീകരണമാണ് ഡീക്കന്‍ മെല്‍വിന്‍ പോളിന്റെ തിരുപ്പട്ടസ്വീകരണം. ചെറുപ്പംമുതല്‍ മാതാപിതാക്കളുടെ തീവ്രമായ പ്രാര്‍ത്ഥനാജീവിതവും, ഇടവകദേവാലയ കേന്ദ്രീകൃതമായ സന്മാര്‍ഗ പ്രവര്‍ത്തനങ്ങളും, മുടക്കം കൂടാതെയുള്ള കുടുംബപ്രാര്‍ത്ഥനയും, കൂടെക്കൂടെ ധ്യാനങ്ങളില്‍ പങ്കെടുക്കുന്നതും കണ്ടുവളര്‍ന്ന മെല്‍വിനില്‍ വിശ്വാസത്തിന്റെ ആദ്യതിരിനാളം തെളിയുന്നത് അങ്ങനെയാണ്. ബാള്‍ട്ടിമോര്‍ സീറോമലബാര്‍ മിഷന്‍ ഡയറക്ടറും, പിന്നീട് ഇടവകയായപ്പോള്‍ ആദ്യവികാരിയുമായി 10 വര്‍ഷത്തോളം സ്തുത്യര്‍ഹസേവനം നിര്‍വഹിച്ച റവ. ഫാ. ജയിംസ് നിരപ്പേല്‍ മെല്‍വിന്റെ ദൈവവിളിയില്‍ നീര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

മെല്‍വിന്റെ കുടുംബം 1999 ല്‍ അമേരിക്കയിലേക്ക് കുടിയേറി. കൗമാരപ്രായത്തില്‍ ജീസസ് യൂത്ത് എന്ന ആധ്യാത്മികസംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിന് കിട്ടിയ അവസരം മെല്‍വിന്റെ ജീവിതത്തിലെ സുപ്രധാന കാലഘട്ടമായിരുന്നു. ജീസസ് യൂത്തില്‍ പ്രവര്‍ത്തിçന്ന സമയത്ത് ഹെയ്ത്തിയില്‍ ഒരുമാസം നീണ്ടുനിന്ന മിഷന്‍ പ്രവര്‍ത്തനം മെല്‍വിന്റെ ജീവിതത്തെ മാറ്റിമറിച്ചു.

ബിരുദപഠനത്തിനിടയിലാണ് തന്റെ ദൈവവിളി ഡീക്കന്‍ മെല്‍വിന്‍ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ചിക്കാഗോയിലേക്ക് മാറിയ മെല്‍വിന്‍ ലയോള യൂണിവേഴ്‌സിറ്റിയില്‍നിന്നും തത്വശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് തന്റെ ദൈവവിളി ഉറപ്പിക്കുന്നതിനായി ഒê വര്‍ഷം പ്രാര്‍ത്ഥനയും, ഇടവക പരിശീലനവുമായി റീജന്‍സി ചെയ്തു. റോമിലെ ഹോളി ക്രോസ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് തിയോളജി പഠനം പൂര്‍ത്തിയാക്കി.

ഡീക്കന്‍ പട്ടത്തിനുശേഷം കഴിഞ്ഞ വര്‍ഷം ആലുവാ മംഗലപ്പുഴ സെമിനാരിയില്‍ 6 മാസത്തെ സഭാപഠനവും, വൈദിക പരിശീലനവും പൂര്‍ത്തിയാക്കി. ഈ കാലയളവില്‍ മാതൃഭാഷ നന്നായി സംസാരിക്കുന്നതിനും, വായിçന്നതിനുമുള്ള പ്രാവീണ്യം നേടി.

ആറുദശാബ്ദങ്ങളുടെ ചരിത്രം പേറുന്ന അമേരിക്കയിലെ സീറോമലബാര്‍ കുടിയേറ്റ നാള്‍വഴിയിലും, ചിക്കാഗോ രൂപതയുടെ 20 വര്‍ഷങ്ങളിലെ വളര്‍ച്ചാവഴിയിലും തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട പുതിയ അദ്ധ്യായമാണ് ഡീക്കന്‍ മെല്‍വിന്‍ പോളിന്റെ തിരുപ്പട്ടസ്വീകരണത്തിലൂടെ വിരചിതമാകുന്നത്. അമേരിക്കയിലെ സീറോമലബാര്‍ സഭയില്‍നിന്നുള്ള മൂന്നാമത്തെ വൈദികനാണൂ ഡീക്കന്‍ മെല്‍വിന്‍. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന തദ്ദേശീയരായ രണ്ടു സഭാതനയര്‍ ന്യൂയോര്‍ക്കില്‍നിന്നുള്ള റവ. ഫാ. കെവിന്‍ മുണ്ടക്കലും, ടാമ്പായില്‍ നിന്നുള്ള റവ. ഫാ. രാജീവ് വലിയവീട്ടിലും 2018 ല്‍ തിരുപ്പട്ടം സ്വീകരിച്ച് രൂപതയില്‍ സേവനം ചെയ്യുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ സീറോമലബാര്‍ രൂപത നല്ല വളക്കൂറുള്ള മണ്ണില്‍ വിതച്ച വിശ്വാസവിത്തുകള്‍ ഒന്നൊന്നായി പൊട്ടിമുളച്ച് വളര്‍ന്നു പന്തലിക്കുന്ന കാഴ്ച്ചയാണ് രൂപതയില്‍ ഇപ്പോള്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന സെമിനാരിക്കാരായ ചെറുപ്പക്കാരിലൂടെ ലോകം ദര്‍ശിക്കുന്നത്. രൂപതയുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പും, പ്രാര്‍ത്ഥനകളും അങ്ങനെ സഫലമാകുന്നു. ചിക്കാഗോ സീറോമലബാര്‍ രൂപതക്കൊപ്പം ആഗോള സഭയും ഇതര സഹോദര സഭകളും ഡീക്കന്‍ മെല്‍വിന്‍ പോളിന്റെ തിêപ്പട്ടസ്വീകരണമെന്ന പുണ്യനിമിഷത്തിനായി അഭിമാനപൂര്‍വം കാത്തിരിക്കുന്നു.

ഡീക്കന്‍ മെല്‍വിന്റെ പൗരോഹിത്യവിളിയില്‍ കൈത്താങ്ങായവര്‍ പലരാണ്. മതാപിതാക്കളെകൂടാതെ രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, രൂപതയിലെ ഇപ്പോഴത്തെ വൊക്കേഷന്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ ചാലിശേരി, മുന്‍ വൊക്കേഷന്‍ ഡയറക്ടറും ഇപ്പോള്‍ ഫിലാഡല്‍ഫിയ സീറോ മലബാര്‍പള്ളി വികാരിയുമായ റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍, ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളി വികാരി റവ. ഫാ. വിസണ്‍ ആന്റണി, രൂപതാ ചാന്‍സലര്‍ റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി, പ്രൊക്യൂറേറ്റര്‍ റവ. ഫാ. ജോര്‍ജ് മാളിയേക്കല്‍ എന്നിവര്‍ ഡീക്കന്‍ മെല്‍വിന്റെ ആഴത്തിലുള്ള വിശ്വാസവളര്‍ച്ചയ്ക്ക് സഹായകമായി.
തിരുപ്പട്ട സ്വീകരണത്തിനുശേഷം മെയ് 17 ഞായറാഴ്ച്ച വൈകുന്നേരം നാലുമണിക്ക് സ്വന്തം ഇടവകയായ ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ സീറോമലബാര്‍ പള്ളിയില്‍ നവവൈദികന്‍ പ്രഥമദിവ്യബലി അര്‍പ്പിക്കും. ഇതു പള്ളിയില്‍നിന്നുള്ള ലൈവ് സ്ട്രീമില്‍ കാണാം. ഏകസഹോദരി മിലാനയുടെ വിവാഹം ആയിരിക്കും നവവൈദികന്‍ ആദ്യമായി പരികര്‍മ്മം ചെയ്യുന്ന കൂദാശ.

ശാലോം ടി. വി. യില്‍ തിരുപ്പട്ടസ്വീകരണത്തിന്റെ തല്‍സമയ സംപ്രേഷണം താഴെപ്പറയുന്ന മാധ്യമങ്ങളില്‍ കാണാം.

live.shalommedia.org
facebook.com/shalommedia.org
Youtube.com/shalomamericatv

ജോസ് മാളേയ്ക്കല്‍

By admin

Leave a Reply

Your email address will not be published. Required fields are marked *