ഡാളസ്: ആഗോള വിപണിയിൽ ക്രൂഡോയിലിന്‍റെ വില കുതിച്ചുയരുന്നതോടെ അമേരിക്കയിലും ഗ്യാസിന്‍റെ വിലയിൽ വൻ കുതിപ്പ്. 2021 ആരംഭത്തിൽ 51.22 ഡോളറായിരുന്ന ക്രൂഡോയിലിന്‍റെ വില, മാർച്ച് 4 ന് 66 ഡോളർ എത്തിയതാണ് വില വർധനയ്ക്ക് കാരണമായി ചൂണ്ടികാണിക്കുന്നത്.

ഡിമാന്‍റ് വർധിച്ചതും ഉത്പാദനം കുറഞ്ഞതും മറ്റൊരു കാരണമാണ്. അമേരിക്കയിൽ ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്‍റെ വില(റഗുലർ) 2.745 ഡോളറിൽ എത്തിനിൽക്കുന്നു. ഡാളസ് ഫോർട്ട്‍വർത്തിലും ഓരോ ദിവസവും ഗ്യാസിന്‍റെ വില വർധിക്കുകയാണ്.

ഫെബ്രുവരി ആദ്യവാരം 2 ഡോളറിനു താഴെയായിരുന്നു ഒരു ഗ്യാലൻ ഗ്യാസിന്‍റെ വില. മാർച്ച് ആദ്യ ദിനങ്ങളിൽ 2.51 ഡോളർ വരെ വർധിച്ചു. ഇതു സാധാരണ നിലവാരത്തിലുള്ള ഗ്യാസിന്‍റെ വിലയാണ്. ഉയർന്ന ഗുണനിലവാരമുള്ള ഗ്യാസിന് ഗ്യാലന് 3.50 വരെയാണ് വില ഈടാക്കുന്നത്. ക്രൂഡോയിലിന്‍റെ വില വർധിക്കുന്നതോടൊപ്പം ഇനിയും ഗ്യാസിന്‍റെ വില വർധിക്കാനാണ് സാധ്യത. അമേരിക്കയിൽ ഗ്യാസ് ഉൽപാദിപ്പിക്കുന്ന ടെക്സസ് സംസ്ഥാനത്തു പോലും വില പിടിച്ചു നിർത്താനാകാത്ത അവസ്ഥയിലാണ്. അതേസമയം പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഗവർണർ നടപടികൾ ആരംഭിച്ചു.

മഹാമാരിയുടെ വ്യാപനത്തിൽ പൊറുതിമുട്ടി കഴിയുന്ന അമേരിക്കൻ ജനതയ്ക്ക് ഗ്യാസ് വില വർധിച്ചത് മറ്റൊരു തിരിച്ചടിയായി. അമേരിക്കയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയതോടെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലും ആനുപാതികമായി ഗ്യാസിന്‍റെ ഉപയോഗത്തിലും വർധനവ് ഉണ്ടായി.

പി.പി.ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *