ഡാലസ്: ഡാലസില്‍ ഒക്‌ടോബര്‍ 22-ന് കാണാതായ മള്‍ട്ടി നാഷണല്‍ പ്രൊഫഷണല്‍ സര്‍വീസ് നെറ്റ് വര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് അലന്‍ വൈറ്റിനെ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ അന്വേഷണത്തിനുതകുന്ന എന്തെങ്കിലും സൂചനകള്‍ നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 20,000 ഡോളറായി (ഒന്നരക്കോടി രൂപ) ഉയര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. നവംബര്‍ 22-നാണ് ഇതുസംബന്ധിച്ച അറിയിപ്പുണ്ടായത്.

ഒക്‌ടോബര്‍ 22-ന് വൈകിട്ട് 4.40-ന് അലന്‍ വൈറ്റും, ഭാര്യ റസ്റ്റി ജങ്കിംഗ്‌സും ഒരുമിച്ചാണ് വ്യത്യസ്ത ജിമ്മുകളിലേക്ക് വീട്ടില്‍ നിന്നും പുറപ്പെട്ടത്. അലന്‍ ഡാളസ് ഹാന്‍കല്‍ അവന്യൂവിലുള്ള എല്‍.എ ഫിറ്റ്‌സ് സെന്ററില്‍ നിന്നും പുറത്തിറങ്ങി ഇന്‍ഡസ് റോഡിനും, മേപ്പിള്‍ അവന്യൂവിനും ഇടയിലുള്ള റേസ് ട്രാക്ക് ഗ്യാസ് സ്റ്റേഷനില്‍ നിന്നും പുറത്തുവരുന്നതാണ് സെക്യൂരിറ്റി കാമറകളില്‍ കണ്ടെത്തിയത്. ജിമ്മില്‍ നിന്നും സാധാരണ ആറരയോടെ വീട്ടില്‍ വരാറുള്ള അലനെ കാണാത്തതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

വൈകിട്ട് 7 മണിക്ക് കമ്പനിയുടെ കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുക്കേണ്ട അലനെ റേസ് ട്രാക്കില്‍ നിന്നും വീട്ടിലേക്കുള്ള ഒരുമൈല്‍ ദൂരത്തിനിടയ്ക്കാണ് കാണാതാകുന്നത്.

കാണാതായതിനു ഒരാഴ്ചയ്ക്കുശേഷം ഇദ്ദേഹം ഓടിച്ചിരുന്ന എസ്.യു.വി ബോണിവ്യൂ റോഡില്‍ നിന്നും കണ്ടെത്തിയിരുന്നു. വാഹനത്തിന് കേടുപാടുകളോ, അതിക്രമം നടന്നതിന്റേയോ അടയാളങ്ങള്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. അലന്റെ ജീവന്‍ അപകടത്തിലാണെന്ന് കണ്ടെത്തിയതിനാല്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഡാളസ് പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *